മോദി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയവുമായി വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും

Chandrababu Naidu

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി.

മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്. ലോക്‌സഭയില്‍ മോദി സര്‍ക്കാരിന് കേവലഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസാകാന്‍ സാധ്യതയില്ല.

നേരത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്നായിരുന്നു സൂചനകളെങ്കിലും സ്വന്തം നിലയില്‍ നോട്ടീസ് നല്‍കാന്‍ ടിഡിപി തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി അദ്ധ്യക്ഷന്‍ ജഗ്‌മോഹന്‍ റെഡ്ഡിയ്‌ക്കെതിരായ അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിനോട് വിലപേശല്‍ നടത്തുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസെന്ന് ആരോപിച്ചാണ് പ്രത്യേക അവിശ്വാസം നല്‍കാന്‍ തീരുമാനിച്ചത്.

അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കണമെങ്കില്‍ കുറഞ്ഞത് 50 അംഗങ്ങളുടെയെങ്കിലും പിന്തുണ വേണം. എന്നാല്‍ നിലവില്‍ ടിഡിപിക്ക് 16 അംഗങ്ങളാണുള്ളത്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാ ദള്‍, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെ ടിഡിപി സമീപിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് 34, ബിജെഡിക്ക് 20, കോണ്‍ഗ്രസിന് 48 എന്നിങ്ങനെയാണ് ലോക്‌സഭയിലെ കക്ഷിനില.

Top