വീണ്ടും ബോളിവുഡിനെ മലര്‍ത്തിയടിച്ച് തെലുങ്ക് സിനിമ; ബോക്സ് ഓഫീസില്‍ ‘ദസറ’ തരംഗം

ന്ത്യന്‍ സിനിമയിലെ ഏറ്റവും വാണിജ്യമൂല്യമുള്ള ചലച്ചിത്ര വ്യവസായം കാലങ്ങളായി ബോളിവുഡ് ആയിരുന്നു. ഹിന്ദി സംസാരഭാഷയായ ബഹുഭൂരിപക്ഷവും അവരിലൂടെ ലോകം മുഴുവനുമുള്ള പ്രവാസികളുമൊക്കെയായി മികച്ച ബോക്സ് ഓഫീസ് വിജയങ്ങളായിരുന്നു ഹിന്ദി സിനിമകള്‍ കൊയ്യുന്നത്. എന്നാല്‍ സാമ്പത്തിക വിജയങ്ങളുടെ എണ്ണമെടുത്താല്‍ ബോളിവുഡിനേക്കാള്‍ ഇന്ന് മുന്നില്‍ തെലുങ്ക് സിനിമയാണ്. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ മാത്രമാണ് ബോളിവുഡിന്റെ ഒരു വലിയ ഹിറ്റെങ്കില്‍ തെലുങ്കില്‍ നിന്ന് ഒരു നിര ചിത്രങ്ങള്‍ വന്‍ വിജയം നേടി. ആര്‍ആര്‍ആറും പുഷ്പയുമൊക്കെ അവയില്‍ ചിലത്. ഇപ്പോഴിതാ ട്രേഡ് അനലിസ്റ്റുകളെ സംബന്ധിച്ച് ഇരു ചലച്ചിത്ര വ്യവസായങ്ങളുടെയും നിലവിലെ സ്ഥിതിയെ താരതമ്യപ്പെടുത്താന്‍ നിര്‍ബന്ധിതരാക്കുന്ന രണ്ട് ചിത്രങ്ങള്‍ ഇപ്പോള്‍ തിയറ്ററുകളില്‍ ഉണ്ട്.

അജയ് ദേവ്ഗണിനെ നായകനായി സംവിധാനവും ചെയ്തിരിക്കുന്ന ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഭോലയും നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്തിരിക്കുന്ന തെലുങ്ക് പിരീഡ് ആക്ഷന്‍ ഡ്രാമ ദസറയുമാണ് ഈ ചിത്രങ്ങള്‍. ഒരേ ദിവസമാണ് ഈ രണ്ട് ചിത്രങ്ങളും തിയറ്ററുകളില്‍ എത്തിയത്. മാര്‍ച്ച് 30 ന്. ഇപ്പോഴിതാ രണ്ട് ചിത്രങ്ങളുടെയും ആദ്യ മൂന്ന് ദിവസങ്ങളിലെ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്. വലിയ അന്തരമാണ് ആ സംഖ്യകള്‍ തമ്മില്‍.

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ കണക്ക് പ്രകാരം ഭോല ആദ്യ മൂന്ന് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 30.70 കോടിയാണ്. ദസറയുടെ കാര്യമെടുത്താല്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ ചിത്രം 45.50 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ലെറ്റ്സ് സിനിമയുടെ കണക്കാണ് ഇത്. തെലുങ്ക് സിനിമയുടെ വിദേശ മാര്‍ക്കറ്റുകളില്‍ പ്രധാനപ്പെട്ട ഒന്നായ അമേരിക്കയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 1.45 മില്യണ്‍ ഡോളറിന് മുകളിലാണ്. അതായത് 12 കോടി രൂപ. ഒരു നാനി ചിത്രം യുഎസില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇത്. ചിത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയ ആഗോള ഗ്രോസ് 71 കോടി രൂപയാണെന്ന് നിര്‍മ്മാതാക്കളായ എസ് എല്‍ വി സിനിമാസ് അറിയിച്ചിട്ടുണ്ട്.

Top