telugana- girl college student sell speam

ഹൈദരാബാദ്: സംസ്ഥാനത്ത് ഉടനീളം ദാരിദ്ര്യം മൂലം കോളേജ് വിദ്യാര്‍ത്ഥിനികള്‍ അണ്ഡങ്ങള്‍ വില്‍ക്കുന്നു. ഏജന്റുമാരുടെ പ്രലോഭനത്തില്‍ വീഴുന്ന പെണ്‍കുട്ടികള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും വകവയ്ക്കാതെയാണ് ഇതിന് തയ്യാറാകുന്നത്. സംസ്ഥാനത്ത് പിന്നോട്ട് നില്‍ക്കുന്ന പ്രദേശങ്ങളായ നല്‍ഗോണ്ട ജില്ലയിലെ ദേവരകോണ്ട, ആദിവാസി പ്രദേശങ്ങളായ മഹ്ബൂബ് നഗര്‍, വാറംഗല്‍, കരിംനഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും ഏജന്റുമാരുടെ കെണിയില്‍ പെടുന്നത്. ദാരിദ്ര്യവും വരള്‍ച്ച ബാധിത പ്രദേശവുമായ ഇവിടങ്ങളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മതിയായ പോഷകാഹാരങ്ങള്‍ ലഭിക്കാറില്ല. ഈ അവസ്ഥ ഉപയോഗിച്ചാണ് അവന്ധ്യത കേന്ദ്രങ്ങള്‍ പെണ്‍കുട്ടികളെ അണ്ഡങ്ങള്‍ സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

പെണ്‍കുട്ടികളെ ഏജന്റുമാര്‍ തിരഞ്ഞെടുക്കുന്നത് അവരുടെ നിറം, ശരീര പ്രകൃതി, മാനസികമായ സ്വാസ്ഥ്യം, കുടുംബ പാരമ്പര്യം എന്നിവ നോക്കിയാണെന്ന് മുമ്പ് പല തവണ അണ്ഡങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള ഒരു പെണ്‍കുട്ടി പറയുന്നു. കൂടാതെ അവര്‍ കുടുംബത്തിന്റെ മെഡിക്കല്‍ ഹിസ്റ്ററി പരിശോധിക്കുകയും ഹോര്‍മോണ്‍ സംബന്ധമായ ഇന്‍ജക്ഷനുകളും മരുന്നുകളും നല്‍കാറുണ്ടെന്നും ഒരു മാസം അണ്ഡം നല്‍കിയതിന് തനിക്ക് പതിനായിരം രൂപ ലഭിച്ചെന്നും പെണ്‍കുട്ടി പറയുന്നു.

ബിരുദ വിദ്യാര്‍ത്ഥിനിയായ വാറംഗലില്‍ നിന്നുള്ള മെറ്റൊരു പെണ്‍കുട്ടി താന്‍ രണ്ടു തവണ അണ്ഡം നല്‍കിയിട്ടുണ്ടെന്നും ഇതുമൂലം എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഏജന്റുമാര്‍ പറഞ്ഞിട്ടില്ലെന്നും പറയുന്നു. കരാര്‍ സമയത്തും അണ്ഡം നല്‍കിയതിനു ശേഷവും തനിക്ക് അവര്‍ പറഞ്ഞ തുക നല്‍കിയെന്നും അവര്‍ പറഞ്ഞു. ദാതാക്കള്‍ക്ക് അണ്ഡോത്പാദനത്തിനുള്ള മരുന്നുകളും ഹോര്‍മോണുകളും കൂടുതല്‍ അണ്ഡങ്ങള്‍ ലഭിക്കാനായി കേന്ദ്രങ്ങളില്‍ നിന്നു നല്‍കുന്നുണ്ടായിരുന്നു. ക്ലോമിഫീന്‍ പോലുള്ള മരുന്നുകള്‍ ദാതാവിന്റെ ശരീരത്തിലെ ഈസ്ട്രജന്‍ ഉത്പാദനം കുറയ്ക്കും. അതുമൂലം എഫ്.എസ്.എച്ച്, എല്‍.എച്ച് എന്നീ ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിക്കും. എഫ്.എസ്.എച്ച് മൂലം അണ്ഡങ്ങള്‍ ഉണ്ടാവുകയും എല്‍.എച്ച് ഒന്നില്‍ കൂടുതല്‍ അണ്ഡങ്ങള്‍ പുറത്തുവരാനും സഹായിക്കുന്നു. ഗോണാഡോട്ട്‌റോഫിന്‍സ്, ബ്രോമോക്രിപ്റ്റിന്‍ എന്നീ മരുന്നുകളും ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഇത്തരം ഏജന്റുമാര്‍ അണ്ഡം ശേഖരിക്കുന്ന മാഫിയയായാണ് പ്രവര്‍ത്തിക്കുന്നത്. ദാതാക്കളായ പല യുവതികളെയും ഇപ്പോള്‍ കൗണ്‍സിലിംഗിന് വിധേയമാക്കുന്നുണ്ട്. പോക്കറ്റ് മണിക്കും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ഇവര്‍ ഇത്തരം കെണികളില്‍ വീഴുന്നത്. ഇപ്പോള്‍ പണത്തിനായി ഇത് ചെയ്യുന്നവര്‍ കുറച്ച് കാലം കഴിയുമ്പോള്‍ മാരകമായ രോഗങ്ങള്‍ നേരിടേണ്ടി വരും. ഇത്തരം രീതികള്‍ നിര്‍ത്താന്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണം എന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പറയുന്നു. കൂടാതെ ഹോര്‍മോണുകള്‍ മൂലമുണ്ടാകുന്ന അണുബാധകള്‍ മൂലം ഗര്‍ഭപാത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റം വരികയും ഗര്‍ഭം ധരിക്കണ്ട സമയമാകുമ്പോള്‍ ദാതാക്കള്‍ക്ക് അതിനു കഴിയാതെ വരികയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Top