ടെലിവിഷന്‍ പരമ്പരയില്‍ പ്രസിഡന്റായ ഹാസ്യ നടന്‍ ഇപ്പോള്‍ യുക്രൈന്റെ യഥാര്‍ത്ഥ പ്രസിഡന്റ്

കീവ്: യുക്രൈന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് പ്രശസ്ത കോമഡി താരം. രാഷ്ട്രീയ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത വൊളോഡിമിര്‍ സെലെന്‍സ്‌കി എന്ന 41കാരനാണ് 73 ശതമാനം വോട്ട് നേടി യുക്രൈന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

നടന്‍, ഹാസ്യതാരം എന്നീ നിലകളില്‍ രാജ്യത്ത് ഏറെ പ്രശസ്തനാണ് സെലെന്‍സ്‌കി. കൂടാതെ ‘സെര്‍വന്റ് ഓഫ് ദ പീപ്പിള്‍’ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പ്രസിഡന്റായി അഭിനയിച്ചിട്ടുമുണ്ട്.

സെലെന്‍സ്‌കി 87 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. 42 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ത്തന്നെ സെലെന്‍സ്‌കിയുടെ വിജയം ഉറപ്പാവുകയായിരുന്നു. ഫലം വ്യക്തമായിക്കഴിഞ്ഞെന്നും താന്‍ സ്ഥാനം ഒഴിയുകയാണെന്നും നിലവിലെ പ്രസിഡഡന്റ് പൊറോഷെങ്കോ അറിയിച്ചു.

യുക്രൈന്റെ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രശ്നങ്ങളും അഴിമതിയും യുദ്ധവുമെല്ലാം ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അസംതൃപ്തിയാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് ഫലത്തിലേയ്ക്ക് നയിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top