ടെലിവിഷന്‍ വില നാല് ശതമാനം വരെ വര്‍ധിച്ചേക്കും

മുംബൈ: ടെലിവിഷനുകളുടെ വില്‍പ്പന നിരക്കില്‍ ഈ മാസം മൂന്ന് മുതല്‍ നാല് ശതമാനം വരെ വര്‍ധനയുണ്ടാകുമെന്ന് നിര്‍മാണക്കമ്പനികള്‍. അന്താരാഷ്ട്ര തലത്തില്‍ എല്‍സിഡി പാനലുകളുടെ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ഉല്‍പ്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് വിലവര്‍ധന.

ചരക്ക് നീക്കത്തിന്റെ നിരക്കിലും വര്‍ധനയുണ്ടായതായി കമ്പനികള്‍ പറയുന്നു. ഒന്നര വര്‍ഷം മുന്‍പ് ചരക്ക് നീക്കത്തിന് 600 ഡോളര്‍ ചെലവ് വന്നിരുന്നെങ്കില്‍ നിലവില്‍ അത് 4200 ഡോളറായി കുതിച്ചുയര്‍ന്നു. ഇതോടൊപ്പമാണ് ഓപ്പണ്‍ സെല്‍ പാനലുകളുടെ നിരക്കിലും വര്‍ധനയുണ്ടായത്. പാനലുകള്‍ക്ക് മൂന്ന് ശതമാനം വരെ നിരക്ക് വര്‍ധനയുണ്ടായി.

ടെലിവിഷനുകള്‍ക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെ നിരക്ക് ഉയര്‍ത്തുന്നത് പരിഗണനയിലാണെന്ന് പാനസോണിക് ഇന്ത്യ- സൗത്ത് ഏഷ്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശര്‍മ പറയുന്നു.

Top