തെലങ്കാനയിലെ ഓപ്പറേഷൻ താമര; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഡൽഹി: തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തെലങ്കാന ഹൈക്കോടതി ഇന്ന് പരിഗണിക്കും. ടി ആർ എസ് എം എൽ എ മാരെ വിലക്കെടുക്കാൻ കോടിക്കണക്കിനു രൂപയുമായി എത്തി കുടുങ്ങിയവരാണ് ജാമ്യാപേക്ഷ നൽകിയത്. ഹരിയാനയിലെ ആശ്രമാധിപതി രാമചന്ദ്ര ഭാരതി, വ്യവസായി നന്ദകുമാർ, സിംഹയാജലു എന്നിവരാണ് ഹരജിക്കാർ. ഓപ്പറേഷൻ താമരയുടെ ഭാഗമായി ടി ആർ എസ്എം എൽ എ മാരെ ബിജെപിയിലേക്ക് എത്തിക്കാനുള്ള നീക്കത്തിനിടയിലാണ് മൂവരും അറസ്റ്റിലായത്.

അതേസമയം, തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൻ്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട്, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. കേസിൽ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ടെന്നും അതിനാൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നുമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ ഹർജിയിലെ ആവശ്യം. ശാരീരിക പ്രശ്നങ്ങൾ കാരണം അന്വേഷണ സംഘം മുൻപാകെ ഹാജരാകാൻ സാധിയ്ക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അയച്ച മെയിൽ ലഭിച്ചില്ലെന്നു കാണിച്ചാണ് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഇത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്നും തുഷാർ വെള്ളാപ്പള്ളി ആരോപിയ്ക്കുന്നു.

Top