ഹൈദരാബാദിൽ പൊലീസ് വെടിവച്ചുകൊന്ന പ്രതികളുടെ പോസ്റ്റുമോർട്ടം ഇന്ന്

ഹൈദരാബാദ് : ഹൈദരാബാദിൽ പൊലീസ് വെടിവച്ചു കൊന്ന ബലാത്സംഗക്കേസിലെ പ്രതികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. നടപടികൾ മുഴുവൻ വീഡിയോയിൽ ചിത്രീകരിക്കാൻ തെലങ്കാന ഹൈക്കോടതിയുടെ നിർദേശമുണ്ട്. എട്ടുമുട്ടൽ സംഭവത്തിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും.

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

മാനഭംഗ കേസിലെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പോലീസിന്റെ തോക്ക് പിടിച്ചുവാങ്ങി വെടിവച്ചെന്നും തുടര്‍ന്ന് പരസ്പരമുണ്ടായ വെടിവയ്പില്‍ പ്രതികള്‍ നാലു പേരും കൊല്ലപ്പെട്ടുവെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നു കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംഭവത്തില്‍ പ്രതികളുടെ മൃതദേഹങ്ങള്‍ ഡിസംബര്‍ 9 വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് വെടിവച്ചുകൊന്നത്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെയാണ് ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നവംബര്‍ 28-നാണ് 26കാരിയായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്.

Top