telegram – whatsapp

രാജ്യത്തിനു സുരക്ഷാ ഭീഷണിയായി എന്‍ക്രിപ്റ്റഡ് ചാറ്റ് ആപ്പുകള്‍ ഭീകരര്‍ ഉപയോഗിക്കുന്നുവെന്നു റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഐഎസ് അനുഭാവികള്‍ പ്രധാനമായും ഉപയോഗിക്കുന്നതു സിഗ്നല്‍ ആപ്പാണെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്വകാര്യ സന്ദേശങ്ങള്‍ക്കു പരിപൂര്‍ണ സുരക്ഷ ഉറപ്പു നല്‍കുന്നുവെന്ന നിലയില്‍ പ്രശസ്തമായ ആപ്പാണിത്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) നടത്തിയ അന്വേഷണത്തിലാണു ഭീകരര്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയത്.

സുരക്ഷാ ഏജന്‍സികള്‍ക്കു നിരീക്ഷിക്കാനാവില്ല എന്നതാണ് എന്‍ക്രിപ്റ്റഡ് ആപ്പുകളുടെ പ്രധാന പ്രത്യേകത. ഇതാണു ഭീകരരെ ഇത്തരം ആപ്പുകളിലേയ്ക്ക് ആകര്‍ഷിക്കുന്നത്. നേരത്തെ സിറിയയിലെ ഐഎസ് ഭീകരരും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയിരുന്നു. ടെലിഗ്രാം, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ് എന്നിവയാണു ഭീകരര്‍ ഉപയോഗിക്കുന്ന മറ്റു ചാറ്റ് ആപ്ലിക്കേഷനുകള്‍.

സിഗ്നലിനു സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആപ്പ് സ്വന്തമായി വികസിപ്പിക്കാനുള്ള ദൗത്യം ഇന്ത്യക്കാരനായ അബു അനസിനെയാണ് ഐഎസ് ഏല്‍പ്പിച്ചിരുന്നത്.

കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം സ്വന്തമായുള്ള അനസിനെ കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റു ചെയ്തതോടെ ഈ ദൗത്യം മുംബൈയിലുള്ള മുദാബിര്‍ ഷെയ്കിനെ ഏല്‍പ്പിച്ചുവെന്നാണു സൂചന. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളില്‍ ജാവ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റ് ആപ്പ് സ്വന്തമായി നിര്‍മിക്കുകയാണു ലക്ഷ്യം.

അമേരിക്കയില്‍ നിന്നു നാടുകടത്തപ്പെട്ടതിനു ശേഷം അമേരിക്കയിലെ തന്റെ സുഹൃത്തുക്കളുമായി സംവദിക്കുന്നതിന് ഉപയോഗിക്കുന്നതും സിഗ്നലാണെന്നു സ്‌നോഡന്‍ വെളിപ്പെടുത്തിയിരുന്നു.

ഇതോടെയാണ് ഈ ആപ്പിനു സ്വീകാര്യത വര്‍ധിച്ചത്. അന്യരാജ്യങ്ങളുടെ ഫോണ്‍സന്ദേശങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നുവെന്നു പരസ്യപ്രസ്താവന നടത്തിയതിനെത്തുടര്‍ന്നാണു മുന്‍ രഹസ്യാന്വേഷണ സംഘാംഗമായ സ്‌നോഡന്‍ അമേരിക്കയ്ക്കു അനഭിമതനായത്.

ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്, ഇന്‍സ്റ്റഗ്രാം പോലുള്ള ചാറ്റ് ആപ്ലിക്കേഷനുകള്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കാറുണ്ട്. എന്നാല്‍ സിഗ്നല്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണ പരിധിക്കു പുറത്താണ്.

ഇതാണ് പ്രധാനമായും ഭീകരരെ ആകര്‍ഷിക്കുന്നത്. അനസിനെ ഉദ്ധരിച്ച് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ആപ്പ് സ്റ്റോറുകളില്‍ നിന്നു സിഗ്നല്‍ ഡൗണ്‍ലോഡു ചെയ്യാനാകും. അടുത്തിടെ വാട്ട്‌സാപ്പും അതിസുരക്ഷാ സേവനമായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചിരുന്നു.

Top