ടെലികോം മേഖലയില്‍ 6,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രൂപയുടെ മൂല്യ തകര്‍ച്ചയും ഇന്ധന വില വര്‍ധനയും കാരണം ടെലികോം മേഖലയില്‍ 6,000 കോടി രൂപയുടെ നഷ്ടമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.

ടെലികോം മേഖലയില്‍ നിന്നും പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്കില്‍ 4,000 കോടി രൂപയുടെ വര്‍ധനയും ടെലികോം കമ്പനികളുടെ സംയോജിത പ്രവര്‍ത്തന വരുമാനത്തില്‍ 2,000 കോടി രൂപയുടെ അധിക നഷ്ടവുമുണ്ടാക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ നിരീക്ഷണം.

നിലവില്‍ ഏകദേശം അഞ്ച് ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് ടെലികോം മേഖലയിലുള്ളത്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നീ മുന്‍നിര ടെലികോം കമ്പനികള്‍ ലാഭശേഷിയില്‍ തുടര്‍ന്നും സമ്മര്‍ദം നേരിടുമെന്നും ഐക്ര പറയുന്നു.

ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് നടപ്പു സാമ്പത്തിക വര്‍ഷത്ത ടെലികോം മേഖലയുടെ പ്രതീക്ഷിത വരുമാനത്തില്‍ 78 ശതമാനം നഷ്ടമുണ്ടാക്കുമെന്ന് ഐക്ര കോര്‍പ്പറേറ്റ് റേറ്റിംഗ്‌സ് വിഭാഗം വൈസ് പ്രസിഡന്റ് ഹര്‍ഷ് ജഗ്‌നാനി പറഞ്ഞു.

ഡീസല്‍ വില വര്‍ധനയും രൂപയുടെ മൂല്യതകര്‍ച്ചയും മൂലമുണ്ടാകുന്ന സംയോജിത നഷ്ടം മേഖലയിലെ എബിറ്റ്ഡയുടെ പത്ത് ശതമാനത്തിനു മുകളിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top