നെറ്റ് ന്യൂട്രാലിറ്റിക്ക് ടെലികോം കമ്മീഷന്റെ അംഗീകാരം

net

നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റര്‍നെറ്റ് സമത്വത്തിന് ടെലികോം കമ്മീഷന്‍ അംഗീകാരം നല്‍കി. ഇന്റര്‍നെറ്റിലെ ഉള്ളടക്കം, സേവനങ്ങള്‍ എന്നിവ തടസ്സപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിലും വേഗം കൂട്ടി നല്‍കുന്നതിലും നിന്ന് സേവനദാതാക്കളെ തടയണമെന്ന ടെലികോം നിയന്ത്രണ അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായി) ശുപാര്‍ശകളാണ് കമ്മീഷന്‍ ബുധനാഴ്ച അംഗീകരിച്ചത്.

എന്നാല്‍, ഡ്രൈവര്‍ വേണ്ടാത്ത കാര്‍, ടെലിമെഡിസിന്റെ കൂട്ടത്തില്‍പ്പെട്ട റിമോട്ട് സര്‍ജറി തുടങ്ങിയ പുത്തന്‍ സേവനങ്ങളെ ഇന്റര്‍നെറ്റ് സമത്വത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. സാധാരണയിലും കൂടുതല്‍ വേഗമേറിയ ഇന്റര്‍നെറ്റ് ലഭ്യതയും മുന്‍ഗണനയും ഇവയ്ക്ക് ആവശ്യമുണ്ട് എന്നതിനാലാണ് ഇത്.

ചില സേവനദാതാക്കളോട് വിവേചനം കാട്ടി ഇന്റര്‍നെറ്റ് വേഗം കുറയ്ക്കുകയോ, തടയുകയോ ചെയ്യുന്നതില്‍ നിന്ന് ഓപ്പറേറ്റര്‍മാരെ തടയണം. ഇത്തരത്തില്‍ വിവേചനം നടത്തുന്നതിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ഓപ്പറേറ്റര്‍മാരെ അനുവദിക്കരുതെന്ന് ട്രായി പറഞ്ഞിരുന്നു. ഉള്ളടക്കം അനുവദിക്കുന്ന കാര്യത്തില്‍ ഏതെങ്കിലും കമ്പനിയോട് സേവനദാതാവിന് പ്രത്യേക താത്പര്യമുണ്ടോ എന്ന വിവരം ലൈസന്‍സ് നല്‍കുന്നതിനുള്ള ചട്ടങ്ങളില്‍ വിശദീകരിക്കാന്‍ വകുപ്പുണ്ടാകണമെന്നും ട്രായി ശുപാര്‍ശ ചെയ്തിരുന്നു.

Top