മകളെ പീഡിപ്പിച്ച് കൊന്നവരെ പൊതുസ്ഥലത്ത് പച്ചയ്ക്ക് കത്തിക്കണം; നെഞ്ചുപൊട്ടി ഒരമ്മ

rape

സ്ത്രീകള്‍ക്ക് പൊതുവഴിയില്‍ ഇറങ്ങിനടക്കാന്‍ എപ്പോഴാണ് സുരക്ഷ ലഭിക്കുക? ഈ ചോദ്യമാണ് ഹൈദരാബാദില്‍ ജോലി കഴിഞ്ഞ് മടങ്ങിയ 27കാരിയായ വെറ്റിനറി ഡോക്ടര്‍ പൊതുസ്ഥലത്ത് വെച്ച് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ചോദ്യം ഉയരുന്നത്. മകളെ പീഡിപ്പിച്ച് കൊന്ന് തീയിട്ട സംഭവത്തിലെ പ്രതികളെ പൊതുജന സമക്ഷത്തില്‍ ജീവനോടെ കത്തിക്കണമെന്നാണ് അമ്മ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

സൈബരാബാദ് പോലീസ് അടിയന്തരമായി നടപടി സ്വീകരിച്ചെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നത്. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ലോറി ഡ്രൈവറും പ്രധാന പ്രതിയുമായ മുഹമ്മദ് പാഷ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.

‘എന്റെ മകള്‍ ഒരു പാവമായിരുന്നു. കുറ്റവാളികളെ ജീവനോടെ തീകൊളുത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’, ഇരയുടെ അമ്മ പ്രതികരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഇര അവസാനമായി കുടുംബാംഗങ്ങളോട് സംസാരിച്ചതെന്ന് അമ്മ വ്യക്തമാക്കി. തൊണ്ടാപള്ളി ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്നാണ് വെറ്റിനറി ഡോക്ടറെ കാണാതാകുന്നത്. തന്റെ സ്‌കൂട്ടര്‍ പഞ്ചറായെന്നും ചില അജ്ഞാതര്‍ നന്നാക്കായി നിര്‍ബന്ധിച്ച് കൊണ്ടുപോയെന്നും യുവതി സഹോദരിയെ വിളിച്ച് പറഞ്ഞിരുന്നു.

രാത്രി 10 മണിയോടെയും യുവതി വീട്ടില്‍ എത്താതെ വന്നതോടെയാണ് കുടുംബം പോലീസിനെ ബന്ധപ്പെട്ടത്. എന്നാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയുടെ പേരുപറഞ്ഞ് സ്റ്റേഷനുകള്‍ മാറിമാറി കയറേണ്ടി വന്ന കുടുംബത്തിന് വെളുപ്പിന് 4 മണിക്കാണ് പോലീസ് സഹായം നല്‍കാന്‍ തയ്യാറായത്. എന്നാല്‍ ഇരയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസ് സമയം പാഴാക്കിയില്ലായിരുന്നെങ്കില്‍ സഹോദരിയെ ജീവനോടെ കണ്ടെത്താമായിരുന്നുവെന്ന് ഇളയ അനുജത്തി പ്രതികരിച്ചു.

Top