ക്ഷേത്ര പൂജാരികളെ വിവാഹം ചെയ്യാൻ 3 ലക്ഷം രൂപ വാഗ്ദാനം നൽകി തെലങ്കാന സർക്കാർ

ഹൈദരാബാദ്: ക്ഷേത്ര പൂജാരികളായ ബ്രാഹ്മണ യുവാക്കളെ വിവാഹം ചെയ്യാൻ തയ്യാറാവുന്ന സ്ത്രീകൾക്ക് മൂന്ന് ലക്ഷം രൂപ വാഗ്ദാനം നൽകി തെലങ്കാന സർക്കാർ.

അടുത്ത മാസം മുതൽ ക്ഷേത്ര പൂജാരികളെ വിവാഹം ചെയ്യുന്ന സ്ത്രീകൾക്ക് തെലുങ്കാന സർക്കാർ മൂന്ന് ലക്ഷം രൂപ നൽകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

ബ്രാഹ്മണരായ ക്ഷേത്ര പൂജാരികളുടെ വിവാഹം നടക്കാൻ ബുദ്ധിമുട്ടുള്ളതിനാലും, സ്ത്രീകൾ വിവാഹത്തിന് തയ്യാറാകാത്തതിനാലുമാണ് സർക്കാരിന്റെ പുതിയ നീക്കം.

മൂന്നു ലക്ഷം രൂപ ദമ്പതികൾക്ക് സംയുക്തമായി ഫിക്സഡ് ഡെപ്പോസിറ്റായി നൽകും. പുറമെ വിവാഹത്തിന്റെ ആവിശ്യങ്ങൾക്കായി ഒരു ലക്ഷം രൂപയും സർക്കാർ നൽകും.

“കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായിയാണ് പെൺകുട്ടികൾ ഇക്കാലത്ത് ഭാവി വരനെ തിരഞ്ഞെടുക്കുന്നത്. ജോലി ലഭിക്കാത്ത എൻജിനീയർമാർക്ക് പോലും വിവാഹം നടക്കുന്നില്ലായെന്നും. ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന ബ്രാഹ്മണ പുരോഹിതർക്ക് സമൂഹത്തിൽ കൂടുതൽ ആദരവ് ലഭിക്കാത്തതിനാൽ പെൺകുട്ടികൾ ഇത്തരമൊരു വിവാഹത്തിന് തയ്യാറാവുന്നില്ലെന്നും” തെലുങ്കാന ബ്രാഹ്മണൻ സംക്ഷേമ പരിഷത്ത് ചെയർമാൻ കെ വി രാമചന്ദ്ര പറഞ്ഞു.

രക്ഷിതാക്കളും അവരുടെ പെൺമക്കളെ പൂജാരികളെ വിവാഹം കഴിക്കാൻ അനുവദിക്കാറില്ല. അതിനാൽ തന്നെ പുരോഹിതൻമാർ വർഷങ്ങളായി ബാച്ചിലേഴ്സായി തുടരാൻ നിർബന്ധിതരാകുന്നു. പുതിയ വാഗ്ദാനം ലഭിക്കുമ്പോൾ എങ്കിലും ഈ അവസ്ഥക്ക് മാറ്റമുണ്ടാവട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ പദ്ധതി ‘കല്യാണമസ്തു’ നവംബർ മാസം മുതലാണ് ആരംഭിക്കുന്നത്. വരന്റെയും വധുവിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ടിൽ പണം മൂന്ന് വർഷത്തേക്ക് സ്ഥിരനിക്ഷേപമായി നിക്ഷേപിക്കും.

സർക്കാർ ശമ്പളമനുസരിച്ച് 4,805 ക്ഷേത്രങ്ങളിലെ പുരോഹിതന്മാർക്ക് നവംബർ മുതൽ കൂടുതൽ ശമ്പളം നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

സർക്കാർ ജീവനക്കാർക്ക് എല്ലാ മാസവും ശമ്പളം ലഭിക്കുന്നതുപോലെ പുജാരികൾക്കും ശമ്പളം നൽകുമെന്നും ,ശമ്പള പരിഷ്കാരങ്ങൾ വരുമ്പോൾ അവരുടെ ശമ്പളം മറ്റ് സർക്കാർ ജീവനക്കാരോടൊപ്പം പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു നേരത്തെ അറിയിച്ചിരുന്നു.

റിപ്പോർട്ട് :രേഷ്മ പി. എം

Top