സ്ഥാനാര്‍ഥി ബാഹുല്യം; നിസാമാബാദില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തീരുമാനം

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കും. സ്ഥാനാര്‍ഥി ബാഹുല്യത്തെ തുടര്‍ന്നാണ് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നത്.

185 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യത നേടിയത്. ഇതില്‍ 178 പേര്‍ കര്‍ഷകരാണ്. നാമനിര്‍ദേശക പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം വ്യാഴാഴ്ചയായിരുന്നു. 185 സ്ഥാനാര്‍ഥികള്‍ യോഗ്യതാപ്പട്ടികയില്‍ ഇടം നേടിയതിനെ തുടര്‍ന്നാണ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ രജത് കുമാര്‍ പറഞ്ഞു. ഇതിന് വേണ്ട നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

ഒരു മണ്ഡലത്തില്‍ 64 ല്‍ അധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കാന്‍ കഴിയില്ല. അത്തരം അവസരങ്ങളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് മാത്രമേ സാധ്യമാവൂ. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പിന് തയ്യാറെടുപ്പുകള്‍ ആരംഭിച്ചെങ്കിലും അന്തിമതീരുമാനം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റേതായിരിക്കുമെന്ന് രജത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top