‘ആ വെടിവെപ്പ് ഒരു സന്ദേശം’, ഏറ്റമുട്ടലിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക്’; തെലങ്കാന മന്ത്രി

ഹൈദരാബാദ്: തെലങ്കാനയിലെ പൊലീസ് വെടിവെപ്പ് വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മന്ത്രി തലസനി ശ്രീനിവാസ യാദവ് രംഗത്ത്. ഡോക്ടര്‍ക്കുണ്ടായതു പോലെ സ്ത്രീകള്‍ക്ക് നേരെ എന്ത് ക്രൂരത നടന്നാലും അവിടെ ഇത്തരത്തിലുള്ള ഒരു പൊലീസ് വെടിവെപ്പുണ്ടാകുമെന്ന് ഓര്‍ക്കണം എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം സമ്മിശ്ര പ്രതികരണങ്ങള്‍ ഉയരുന്ന ഈ നടപടിയെ ന്യായീകരിച്ച അദ്ദേഹം പൊലീസ് വെടിവെപ്പ് സര്‍ക്കാര്‍ സമ്മതത്തോടെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന് ഒരു മാതൃക ഞങ്ങള്‍ സൃഷ്ടിക്കുകയാണ്. അത് ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയല്ല പകരം ക്രമസമാധാന പ്രശ്‌നത്തെ എങ്ങനെ ഞങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന തിലൂടെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഏറ്റമുട്ടലിന്റെ എല്ലാ ക്രെഡിറ്റും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനാണെന്ന അവകാശവാദം നേരത്തെ യാദവ് ഉന്നയിച്ചിരുന്നു. മുകളില്‍ നിന്നുള്ള രാഷ്ട്രീയ അനുവാദം ലഭിക്കാതെ ഇത്തരത്തില്‍ ഒന്ന് നടക്കില്ലെന്നും മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് നിയമം കയ്യിലെടുത്തുള്ള പൊലീസ് വെടിവെപ്പെന്ന് വെളിവാക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന.

ഈ സംഭവത്തിലൂടെ ഒരു സന്ദേശമാണ് ഞങ്ങള്‍ തരുന്നതെന്നും ഇത്തരത്തില്‍ ക്രൂരമായ കുറ്റകൃത്യം ചെയ്യുമ്പോള്‍ അതിലും ക്രൂരമായ ഒരു ഏറ്റുമുട്ടല്‍ കൊലയുണ്ടാവുമെന്നതാണ് ഞങ്ങളുടെ സന്ദേശം എന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ഇത്തരം കുറ്റങ്ങള്‍ നടത്തിയ പ്രതികള്‍ക്ക് കോടതി വിചാരണയില്‍ പ്രത്യേകിച്ച് ഒന്നും ലഭിക്കുന്നില്ല. കേസുകള്‍ നീണ്ടു പോകും, കുറ്റവാളികള്‍ ജാമ്യം നേടി പുറത്തു പോകുകയും ചെയ്യും. ഇതെല്ലാം തന്നെ കുറ്റവാളികള്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ലൈസന്‍സായി മാറുന്നു. എന്നാല്‍ തെലങ്കാന സംഭവം ഒരു മുന്നറിയിപ്പാണ്. ഇനി ആര് കുറ്റം ചെയ്താലും ഈ ഗതി വരുമെന്ന് ഓര്‍ക്കണം എന്നും മന്ത്രി തലസനി ശ്രീനിവാസ യാദവ് പറഞ്ഞു.

Top