ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി, കിണറ്റിലെറിഞ്ഞു; തെലങ്കാനയിലേത് കൊലപാതകം

വാറങ്കല്‍: തെലങ്കാനയില്‍ കിണറ്റില്‍ ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെലങ്കാന പൊലീസ്. സംഭവത്തില്‍ മുഖ്യപ്രതി ബിഹാര്‍ സ്വദേശി സഞ്ജയ് കുമാറടക്കം നാലു പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊന്നതിനുശേഷം കിണറ്റില്‍ എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മഖ്‌സൂദിന്റെ മകളുമായി സഞ്ജയ് കുമാറിന് ബന്ധമുണ്ടായിരുന്നവെന്നും ബന്ധം പിരിഞ്ഞതിലുള്ള വൈരാഗ്യമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളേയും ഒരേ കുടുംബത്തിലെ അംഗങ്ങളായ മുഹമ്മദ് മഖ്‌സൂദ് അസ്ലം, ഭാര്യ നിഷ, മക്കളായ ഷാബാസ്, സൊഹൈല്‍, മകള്‍ ബുസ്‌റ, ബുസ്‌റയുടെ മൂന്നു വയസ്സുള്ള മകന്‍ എന്നിവര്‍ക്കൊപ്പം ബിഹാറില്‍നിന്നുള്ള ശ്യാം, ശ്രീറാം എന്ന തൊഴിലാളികളെയും ഷക്കീലെന്ന പ്രദേശവാസിയായ ട്രാക്ടര്‍ ഡ്രൈവറേയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മേയ് 20ന് ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്കു ഷക്കീലിനെ മഖ്‌സൂദ് വിളിച്ചുവരുത്തിയതായി ഫോണ്‍ രേഖകളിലുണ്ട്. ഇക്കാര്യം ഷക്കീലിന്റെ ഭാര്യയും സ്ഥിരീകരിച്ചിരുന്നു. മരിച്ച ഒന്‍പതു പേരുടെയും ഫോണ്‍ ബുധനാഴ്ച രാത്രി ഒന്‍പതു മുതല്‍ വ്യാഴം രാവിലെ ആറു വരെ ഒരേ സ്ഥലത്തായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മൂന്നു വയസ്സുകാരന്‍ പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് മഖ്‌സൂദ് സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചതെന്ന് പൊലീസ് പറയുന്നു. ശീതളപാനീയവും ഭക്ഷ്യവസ്തുക്കളും വീട്ടുപരിസരത്തുനിന്നു കണ്ടെത്തിയതു വിരുന്നിന്റെ സൂചന നല്‍കിയിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞ ബുഷ്‌റ മാതാപിതാക്കളോടും മകനോടുമൊപ്പമായിരുന്നു താമസം. സഞ്ജയ് കുമാറുമായി ഇവര്‍ക്കു ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തില്‍നിന്ന് ഇവര്‍ പിന്‍മാറിയതു വൈരാഗ്യമായി മാറിയെന്നും പൊലീസ് പറയുന്നു

Top