രണ്ടാംഘട്ട പ്രചാരണത്തിനൊരുങ്ങി തെലങ്കാന പിസിസി; പരിപാടിയില്‍ വീണ്ടും പ്രിയങ്കാ ഗാന്ധി പങ്കെടുക്കും

ഹൈദരാബാദ്: ദസറ ആഘോഷങ്ങള്‍ക്ക് തിരഞ്ഞെടുപ്പിന്റെ ശേഷം രണ്ടാംഘട്ട പ്രചാരണത്തിനൊരുങ്ങി തെലങ്കാന പിസിസി. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വലിയ പ്രചാരണ പരിപാടികളുമായാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്ന ബസ് യാത്രയുടെ രണ്ടാം ഘട്ടം ഒക്ടോബര്‍ 28-ന് ആരംഭിക്കുമെന്നും നേതൃത്വം അറിയിച്ചു.

ഇതിനായി ഒക്ടോബര്‍ 31-ന് കൊല്ലാപ്പുരില്‍ നടത്തുന്ന പൊതുസമ്മേളനത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അഭിസംബോധന ചെയ്യും. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രിയങ്കാ ഗാന്ധി സംസ്ഥാനത്തെത്തുന്നത്. ഒക്ടോബര്‍ 18-ന് രാഹുലിനൊപ്പവും പ്രിയങ്ക പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു.

അതിനിടെ, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനര്‍ഥികളുടെ രണ്ടാം പട്ടിക വൈകാതെ പുറത്തുവിടുമെന്ന് ടിപിസിസി വര്‍ക്കിങ് പ്രസിഡന്റ് മഹേഷ് കുമാര്‍ ഗൗഡ് പറഞ്ഞു. ഈ പട്ടികയില്‍ എല്ലാ മുതിര്‍ന്ന നേതാക്കളെയും ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ശക്തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് 70-ല്‍ അധികം സീറ്റുകളില്‍ വിജയിക്കുമെന്നും ഗൗഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Top