തെലുങ്കാന എംഎല്‍എയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: തെലുങ്കാന എംഎല്‍എ രമേഷ് ചെന്നമനെനിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

ഇയാള്‍ക്ക് ജര്‍മ്മന്‍ പൗരത്വമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ വെമുലവാഡ മണ്ഡലത്തില്‍ നിന്നുള്ള തെലുങ്കാന രാഷ്ട്രസമിതിയുടെ എംഎല്‍എയാണ് ഇദ്ദേഹം.

ഇന്ത്യയില്‍ ജനിച്ച രമേഷ് പിന്നീട് ജര്‍മനിയിലേക്ക് കുടിയേറുകയും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് ജര്‍മന്‍ പൗരത്വം സ്വീകരിക്കുകയുമായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഇന്ത്യയിലെത്തുകയും പൗരത്വത്തിനു വേണ്ടി അപേക്ഷിക്കുകയും ചെയ്തു. അതിനായി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നാണ് കണ്ടെത്തിയത്.

രമേഷ് ഇന്ത്യന്‍ പൗരനല്ലെന്നും ജര്‍മന്‍ പൗരനാണെന്നും ജര്‍മന്‍ പാസ്‌പോര്‍ട്ട് ഉടമയാണെന്നും ചൂണ്ടിക്കാണിച്ച് എതിര്‍സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജിയാണ് അന്വേഷണത്തിന് വഴിവച്ചത്. കോടതിനിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രമേഷ് ജര്‍മന്‍ പൗരനാണെന്ന് കണ്ടെത്തി.

വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ ആവശ്യമായ മാനദണ്ഡം 12 മാസത്തില്‍ കൂടുതല്‍ കാലം ഇന്ത്യയില്‍ താമസിച്ചിരിക്കണമെന്ന നിബന്ധനയും രമേഷ് പാലിച്ചിരുന്നില്ല. തുടര്‍ന്നാണ് രമേഷിന്റെ പൗരത്വം റദ്ദാക്കിയത്. ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെ മൂന്നുവട്ടം രമേഷ് എംഎല്‍എ സ്ഥാനത്തെത്തിയിട്ടുണ്ട്.

Top