ജീവനക്കാരനെ പിരിച്ചു വിട്ട സംഭവത്തില്‍ ആമസോണിനെതിരെ അന്വേഷണം

ഹൈദരാബാദ്: ആമസോണ്‍ ഡവലപ്‌മെന്റില്‍ നിന്നും തൊഴിലാളിയെ പിരിച്ചുവിട്ട നടപടിക്കെതിരെ അന്വേഷണം നടത്താന്‍ തെലങ്കാന ഹൈക്കോടതി സംസ്ഥാന ലേബര്‍ വകുപ്പിനോട് ഉത്തരവിട്ടു. നാലാഴ്ചക്കുള്ളില്‍ തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആമസോണിലെ മുന്‍ ജീവനക്കാരനായ വിജയ് ഗോപാലാണ് പരാതിക്കാന്‍.

ആമസോണ്‍ ഡവലപ്‌മെന്റ് സെന്ററില്‍ സീനിയര്‍ ഓപറേഷന്‍സ് മാനേജരായിരുന്നു വിജയ് ഗോപാല്‍. കമ്പനിയുടെ പ്രവര്‍ത്തന സമയവുമായി അനുബന്ധിച്ചുള്ള തൊഴില്‍ നിയമ ലംഘനത്തോട് പ്രതിഷേധിച്ചതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് വിജയ് ആരോപിക്കുന്നു.

നവംബര്‍ 27 നാണ് വിജയിയെ പിരിച്ചുവിട്ട് കൊണ്ടുള്ള കത്ത് നല്‍കിയത്. നാല് വര്‍ഷമായി കമ്പനിയില്‍ എല്‍5 ഓപറേഷന്‍സ് മാനേജരായിരുന്നു ഇദ്ദേഹം. മാനേജേരിയല്‍ വിഭാഗത്തിലെ ജീവനക്കാരുടെ പ്രവര്‍ത്തന സമയം, ഓവര്‍ടൈം എന്നിവ കണക്കാക്കുന്നതിലെ നിയമ ലംഘനം ചൂണ്ടിക്കാട്ടിയതിനാണ് തന്നെ പുറത്താക്കിയതെന്നാണ് വിജയുടെ ആരോപണം. തനിക്ക് തന്ന പിരിച്ചുവിടല്‍ അറിയിപ്പില്‍ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. തന്റെ സേവനം ആവശ്യമില്ലെന്നാണ് കമ്പനി കത്തില്‍ പറഞ്ഞിരിക്കുന്നത്. തെലങ്കാന ലേബര്‍ കമ്മീഷണര്‍ക്ക് താന്‍ പരാതി നല്‍കിയതിനാണ് പിരിച്ചുവിട്ടതെന്ന് വ്യക്തമാണെന്നും വിജയ് പറയുന്നു.

Top