Telangana government hospital’s latest issue

ഹൈദരാബാദ് : തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്നു ചികില്‍സയിലിരുന്ന 21 പേര്‍ മരിച്ചു. ഇവരില്‍ നവജാത ശിശുക്കളും ഉള്‍പ്പെടുന്നു.

വെള്ളിയാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള ഗാന്ധി മെഡിക്കല്‍ കോളജിലാണ് നടുക്കുന്ന സംഭവമുണ്ടായത്.

വെള്ളിയാഴ്ച വൈകിട്ടു മൂന്നുമണിയോടെയാണ് ആദ്യം വൈദ്യുതി നഷ്ടപ്പെടുന്നത്. തുടര്‍ന്നു കൃത്യമായ ഇടവേളകളില്‍ വൈദ്യുതി നിലച്ചതോടെ നാലു ജനറേറ്റുകള്‍ ഉപയോഗിച്ചതാണ് പ്രശ്‌നമുണ്ടാകാന്‍ കാരണം.

തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതോടെ ജനറേറ്ററുകളില്‍ പലതും പ്രവര്‍ത്തനരഹിതമായി. ഇതേത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററുകളും ഇന്‍ക്യുബേറ്ററുകളുമടക്കമുള്ളവ പ്രവര്‍ത്തിക്കാതെയായി. ഇതാണു മരണസംഖ്യ ഉയര്‍ന്നതിനു കാരണം.

ജനറേറ്ററുകള്‍ പ്രവര്‍ത്തനരഹിതമായതോടെ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ആംബം ബാഗ് ഉപയോഗിച്ചാണു രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നത്. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്‍ജിനിയര്‍മാര്‍ ശ്രമിച്ചെങ്കിലും ശനിയാഴ്ചയാണ് ഫലം കണ്ടത്.

ഒരു യുവാവിന് അടിയന്തര ശസ്ത്രക്രിയ നടത്തിയതു മൊബൈല്‍ ഫോണിലെ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണെന്നു ഡോക്ടര്‍ പറഞ്ഞു.

തെലങ്കാനയിലെ പത്തു ജില്ലകളില്‍നിന്നുള്ളവരാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും. ആശുപത്രിയിലേക്കുള്ള വൈദ്യുതി നല്‍കുന്നത് സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ്.

വെള്ളിയാഴ്ച ഒന്‍പതിനുശേഷം സബ് സ്റ്റേഷനിലുണ്ടായ തകരാറിനെ തുടര്‍ന്നാണു വൈദ്യുതി നഷ്ടമായതെന്നും രാത്രി 10.45 ഓടെ ഇതു പുനഃസ്ഥാപിച്ചിരുന്നുവെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ ജനറേറ്ററുകളിലെ തകരാറാണ് രോഗികളുടെ മരണത്തിനു കാരണമായതെന്നും അവര്‍ വ്യക്തമാക്കി.

×

Top