തെലങ്കാനയിൽ സര്‍ക്കാര്‍ ഗവര്‍ണര്‍ പോരില്‍ അയവ്; ബജറ്റവതരണം ഈ മാസം നടക്കും

ഹൈദരാബാദ്: തെലങ്കാനയിൽ ബജറ്റവതരണം മാറ്റി. ഫെബ്രുവരി 3-ന് നിയമസഭാ സമ്മേളനം തുടങ്ങുന്ന അതേ ദിവസമാണ് ബജറ്റ് അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അന്നേ ദിവസം ഗവർണറുടെ അഭിസംബോധന മാത്രമേ നടക്കൂ എന്ന് നിയമസഭാ സെക്രട്ടറി ജനറൽ അറിയിച്ചു. ബജറ്റ് ഫെബ്രുവരി 6-നോ ഏഴിനോ ആകും അവതരിപ്പിക്കുക. ധനമന്ത്രി ടി ഹരീഷ് റാവുവാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. സംസ്ഥാന ബജറ്റ് പ്രസംഗത്തിന്റെ പേരിലുള്ള സർക്കാർ – ഗവർണർ പോര് കോടതി വരെ എത്തിയിരുന്നു. ബജറ്റ് പ്രസംഗത്തിന് ഗവർണർ അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നീട് ഭരണഘടനാപരമായ എല്ലാ ചട്ടങ്ങളും പാലിക്കുമെന്ന് ഗവർണറുടെ അഭിഭാഷകൻ ഉറപ്പ് നൽകിയതോടെ സർക്കാർ ഹർജി പിൻവലിക്കുകയായിരുന്നു.

Top