തെലുങ്കാന തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചാരണ പരിപാടികള്‍ക്ക് രാഹുല്‍ഗാന്ധി തുടക്കം കുറിക്കും

 

തെലങ്കാനയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കും. ബിആര്‍എസ് ആണ് തെലങ്കാനയില്‍ മുഖ്യ എതിരാളിയെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഖമ്മം ജില്ലയില്‍ നിന്ന് ജൂലൈ രണ്ടിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസ് ആരംഭിക്കുക. കര്‍ണാടകയിലേതിന് സമാനമായി രാഹുല്‍ ഗാന്ധി പ്രചാരണ പരിപാടികള്‍ക്കാകും തുടക്കം കുറിക്കുക.

ഭരണകക്ഷിയായ ബിആര്‍എസുമായാണ് തെലങ്കാനയില്‍ പോരാട്ടം എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ ബിജെപിയോട് വ്യക്തി താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു സഹകരിക്കുമെന്ന് ഉറപ്പാണ് എന്നും തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി വിഷ്ണു നാഥ് ആരോപിച്ചു.

തിങ്കളാഴ്ച ബിആര്‍എസില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ള 35 പേര് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വെച്ച് കോണ്‍ഗ്രസ് അംഗത്വം നല്‍കിയിരുന്നു. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വൈഎസ് ശര്‍മിളയുമായും കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിവരികയാണ്.

 

 

Top