പാര്‍ട്ടി പ്രവര്‍ത്തകരെ സൗജന്യമായി ഇന്‍ഷൂറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തി തെലങ്കാന കോണ്‍ഗ്രസ്

ഹൈദരാബാദ്: പാര്‍ട്ടി പ്രവര്‍ത്തകരെ സൗജന്യമായി ഇന്‍ഷൂറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തി തെലങ്കാനയിലെ കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതോടെ ഇന്‍ഷൂറന്‍സ് പരിരക്ഷയും പ്രവര്‍ത്തകര്‍ക്ക് ലഭിക്കും. രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ അംഗത്വ പ്രചരണം നടക്കുകയാണ്.

പാര്‍ട്ടി അംഗത്വത്തിലേക്ക് വന്ന 39 ലക്ഷം പേര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരുക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വമാണ് തീരുമാനിച്ചത്. ഈ ആശയത്തെ കുറിച്ച് ഹൈക്കമാന്റിനോട് സംസ്ഥാന നേതൃത്വം സൂചിപ്പിക്കുകയാണ്. ഹൈക്കമാന്റിന്റെ സമ്മത പ്രകാരമാണ് പദ്ധതി നടപ്പിലാക്കിയത്.

ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയോട് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുകയും എട്ട് കോടി രൂപ പ്രീമിയം അടക്കുകയുമായിരുന്നു. സംസ്ഥാനം ഭരിക്കുന്ന ടിആര്‍എസ് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കിയിരുന്നു.

പുതിയ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് കൊണ്ട് വരുന്നതിനാണോ ഈ പദ്ധതിയെന്ന ചോദ്യത്തോട് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പ്രതികരിച്ചു. ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് വേണ്ടി ആരും പാര്‍ട്ടിയിലേക്ക് വരില്ല. ശരിക്കും താല്‍പര്യമുള്ളവരെ പാര്‍ട്ടിയിലേക്ക് വരൂ. അവശ്യഘട്ടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കുക എന്ന താല്‍പര്യം മാത്രമേ ഇക്കാര്യത്തിലുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

Top