തെലങ്കാന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് രാത്രി നടക്കും: നിയുക്ത എംഎല്‍എമാരോട് ഹൈദരാബാദിലെത്താന്‍ നിര്‍ദ്ദേശം

ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് രാത്രി നടക്കും. നിയുക്ത എംഎല്‍എമാരോട് ഹൈദരാബാദിലെത്താന്‍ നിര്‍ദ്ദേശം നല്‍കി. ഗച്ചിബൗളിയിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. നിയമസഭാ കക്ഷി നേതാവിനെ ഇന്ന് തിരഞ്ഞെടുത്തേക്കുമെന്ന് സൂചനയുണ്ട്.

തെലങ്കാനയിലെ വമ്പന്‍ വിജയത്തിന് പിന്നില്‍ കൂട്ടായ പ്രവര്‍ത്തനമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന് പാര്‍ട്ടി തീമരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതികള്‍ പുറത്തുവിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 63 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. മൂന്നാം മൂഴം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ബിആര്‍എസിന് തിരിച്ചടിയായി.

ഭരണവിരുദ്ധവികാരമാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേക്കെത്തിക്കുന്നത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച ബിആര്‍എസ് 40 സീറ്റുകളില്‍ ഒതുങ്ങി. സംസ്ഥാനം രൂപീകരിച്ച ശേഷം ഇതാദ്യമായി ബി ആര്‍ എസ് അല്ലാതെ മറ്റൊരു പാര്‍ട്ടി തെലങ്കാന ഭരിക്കാന്‍ കളമൊരുങ്ങുന്നത്. എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിന് തെലങ്കാന കൈകൊടുക്കുമെന്ന് പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍.

തെലങ്കാനയില്‍ ബിജെപി 9 സീറ്റുകളില്‍ വിജയമുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഗജ്വെല്‍, കാമറെഡ്ഡി എന്നീ രണ്ട് സീറ്റുകളിലാണ് മത്സരിച്ചത്. കെ സി ആര്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം.

Top