തെലങ്കാനയില്‍ ഉറുദു രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ ഉറുദു രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിയമസഭയിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഉറുദുവിനെ രണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്നത് നാളുകളായുള്ള ആവശ്യമായിരുന്നു. ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കും.

ഉറുദുവില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ഉറുദുവില്‍ തന്നെ മറുപടി നല്‍കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നടക്കുന്ന എല്ലാ മത്സര പരീക്ഷകളും ഉറുദുവില്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ തീരുമാനത്തെ ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എംഎല്‍എയുമായ അക്ബറുദ്ദീന്‍ ഒവൈസി അടക്കമുള്ളവര്‍ സ്വാഗതം ചെയ്തു.

മുസ്ലീങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പാര്‍ലമെന്റില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഭരണപാര്‍ട്ടിയായ ടി.ആര്‍.എസ് സുപ്രീംകോടതിയെ സമീപിക്കും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയില്‍ നിന്ന് പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചതെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി.

Top