തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്, പ്രധാന നേതാക്കളെല്ലാം വോട്ട് ചെയ്തു

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്. രാവിലെ 7-ന് ആരംഭിച്ച വോട്ടെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 10 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിആര്‍എസ് നേതാവ് കെ കവിത എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി, ജനസേന നേതാവ് പവന്‍ കല്യാണ്‍ തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ടുചെയ്തു.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി വന്‍ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. 2.5 ലക്ഷത്തിലധികം ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചുമതലകളില്‍ ഏര്‍പ്പെടുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വികാസ് രാജ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 77,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

നിലവിലെ മുഖ്യമന്ത്രിയും ബിആര്‍എസ് സ്ഥാപകനുമായ കെ ചന്ദ്രശേഖര്‍ റാവു രണ്ട് സീറ്റുകളിലാണ് മത്സരിക്കുന്നത്. ഗജ്വെല്‍, കാമറെഡ്ഡി എന്നിവടങ്ങളിലാണ് കെസിആര്‍ മത്സരിക്കുന്നത്. 2018-ലെ തിരഞ്ഞെടുപ്പില്‍ ഗജ്വേലില്‍ 58,000 വോട്ടുകള്‍ക്കാണ് കെസിആര്‍ വിജയിച്ചത്. ഗജ്വേലിയില്‍ ബിജെപി നേതാവ് എടേല രാജേന്ദറിനെതിരെയും കാമറെഡ്ഡിയില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന്‍ രേവന്ത് റെഡ്ഡിക്കെതിരെയുമാണ് കെസിആറിന്റെ പോരാട്ടം. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.

Top