തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ; തെലുങ്ക് സിനിമാ മേഖലയില്‍ നിന്നുള്ള താരങ്ങള്‍ വോട്ട് രേഖപ്പെടുത്തി

തെലങ്കാന: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പിന്റെ പരസമാപ്തി കുറിച്ച് തെലങ്കാനയില്‍ ഇന്ന് വിധിയെഴുത്ത്. 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു . ഹൈദരാബാദിലെ 24 മണ്ഡലങ്ങളിലെ ശരാശരി പോളിംഗ് ശതമാനം 40% മുതല്‍ 50% വരെയാണ് വോട്ട് രേഖപ്പെടുത്തിയത്. തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലുങ്ക് സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ഇതിനോടകം വോട്ടുചെയ്ത് കഴിഞ്ഞു.

രാവിലെ തന്നെ ബൂത്തിലെത്തിയ അല്ലു അര്‍ജ്ജുന്‍ മറ്റ് വോട്ടര്‍മാര്‍ക്കൊപ്പം കാത്തുനിന്ന ശേഷമാണ് വോട്ട് ചെയ്തത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് സ്‌കൂളിലാണ് താരം വോട്ട് ചെയ്തത്. ‘നിങ്ങള്‍ ഓരോരുത്തരോടും ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, എന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. താന്‍ സമ്മതിദാനം നിര്‍വ്വഹിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചു. അല്ലു അര്‍ജ്ജുനെ കൂടാതെ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, തുടങ്ങിയവരും ജൂബിലി ഹില്‍സിലെ പോളിംഗ് ബൂത്തില്‍ തന്നെയാണ് വോട്ട് ചെയ്യാന്‍ എത്തിയത്. മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് ജൂബിലി ഹില്‍സ് എംഎല്‍എ സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഹൈദരാബാദില്‍ വോട്ട് രേഖപ്പെടുത്തി.

അതേസമയം, തെലങ്കാനയിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് 15% മുതല്‍ 20% വരെ കുറവ് ഇവിടെ ഉണ്ടായി. ഗോപി നഗര്‍ എംഎംപി സ്‌കൂളില്‍ രാവിലെ 9 മണി വരെ 10 ശതമാനം ആയിരുന്നു പോളിങ്. അതേസമയം ബിആര്‍എസിന് വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ബിആര്‍എസ് നേതാവ് കവിതയ്ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ബിആര്‍എസ് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു ഭാര്യ ഷൈലിമയ്ക്കൊപ്പം വ്യാഴാഴ്ച ബഞ്ചാര ഹില്‍സിലെ നന്ദി നഗറിലെ കമ്മ്യൂണിറ്റി ഹാളിലെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി.

Top