ബി.ജെ.പിയ്ക്ക് സഖ്യകക്ഷികളുടെ പിന്തുണ ഇല്ലാതായത് മോദിയും അമിത്ഷായും മൂലമെന്ന് തേജ്വസി യാദവ്

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ധ്യക്ഷന്‍ അമിത്ഷായുടെയും അഹങ്കാരം മൂലമാണ് ബി.ജെ.പിയ്ക്ക് സഖ്യകക്ഷികളുടെ പിന്തുണ കുറഞ്ഞതെന്ന് ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. മോദിയുടെയും അമിത് ഷായുടേയും അഹങ്കാരമാണ് എല്ലാത്തിനും കാരണം. സഖ്യകക്ഷികളെ ബഹുമാനിക്കാന്‍ അവര്‍ക്ക് അറിയില്ലെന്നും യാദവ് പറയുന്നു.

എന്‍.ഡി.എയുടെ ഭാഗമായിരുന്ന പലരും ഇപ്പോള്‍ ബി.ജെ.പിയില്‍ നിന്നും പുറത്തുവരാനുള്ള ശ്രമത്തിലാണ്. പലരും പാര്‍ട്ടി വിടുമെന്ന ഭീഷണിയുയര്‍ത്തി നില്‍ക്കുകയാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നേതൃത്വം ശ്രമിക്കാത്തത് അവരെ നിരാശരാക്കിയിട്ടുണ്ടെന്നും യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

‘നമ്മുടെ രാജ്യത്തിലെ സ്ഥിതി ഇപ്പോള്‍ ഏതാണ്ട് അടിയന്തിരാവസ്ഥയ്ക്ക് തുല്യമാണ്. പ്രധാനമന്ത്രിയെയും അമിത് ഷായെയും ആരും വിമര്‍ശിച്ച് കൂടാ. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ അവര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തുകയും നിങ്ങളെ അഴിക്കുള്ളിലാക്കുകയും ചെയ്യും. സത്യം വിളിച്ചുപറയുന്നവരെ അവര്‍ രാജ്യദ്രോഹികളാക്കുമെന്നും തേജസ്വി യാദവ് വിമര്‍ശിച്ചു.

മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഉപേന്ദ്ര കുശ്വാഹ കഴിഞ്ഞ ദിവസം രാജിവയ്ക്കുകയും കുശ്വാഹയുടെ പാര്‍ട്ടി എന്‍.ഡി.എ വിട്ട് ബിഹാറില്‍ ആര്‍.ജെ.ഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമാവുകയും ചെയ്തിരുന്നു.

Top