ബിജെപിക്ക് സമര്‍പ്പിക്കാന്‍ ഉള്ളിമാലയുമായി തേജസ്വി യാദവ്

പട്ന: വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാക്കി തേജസ്വി യാദവ്. ഉള്ളിമാലയുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബി.ജെ.പിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മറ്റന്നാള്‍ ജനം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കുകയാണ്.

‘വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. ജോലിയും ബിസിനസും നിലച്ചു. കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും വ്യാപാരികളും ഭക്ഷണം കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. ചെറുകിട ബിസിനസുകാരെ ഇതിനകം ബി.ജെ.പി. തകര്‍ത്തു കളഞ്ഞു. വിലക്കയറ്റം വരുമ്പോള്‍ സവാളമാലയും ധരിച്ച് അവര്‍ ചുറ്റിത്തിരിയുകയാണ്. ഇപ്പോള്‍, ഞങ്ങളിത് അവര്‍ക്ക് സമര്‍പ്പിക്കുന്നു.’ സവാള കൊരുത്ത മാല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് തേജസ്വി യാദവ് കുറിച്ചു.

സവാള കിലോയ്ക്ക് വില 50-60 രൂപയായപ്പോള്‍ സംസാരിച്ചിരുന്നവരെല്ലാം വില എണ്‍പതു രൂപ കടക്കുമ്പോള്‍ നിശബ്ദരാണ്. കര്‍ഷകര്‍ നശിപ്പിക്കപ്പെടുന്നു, യുവജനങ്ങള്‍ക്ക് തൊഴിലില്ല. ബിഹാര്‍ ദരിദ്രസംസ്ഥാനമാണ്. ആളുകള്‍ വിദ്യാഭ്യാസത്തിനും ജോലിക്കും വൈദ്യസഹായത്തിനും വേണ്ടി കുടിയേറുകയാണ്. പട്ടിണി ഉയരുകയാണ്.’ തേജസ്വി പറയുന്നു.

Top