‘ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്നു രാജ്യത്തെ ജനങ്ങൾ ആവശ്യപ്പെടുന്നു’; തേജസ്വി യാദവ്

പട്ന : ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്നു രാജ്യത്തെ ജനങ്ങൾ ആവശ്യപ്പെടുകയാണെന്നു ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. രാജ്യത്തിന് എക്കാലത്തും വഴികാട്ടിയിട്ടുള്ള ബിഹാർ ജാതി സർവേയിലൂടെ ചരിത്രം സൃഷ്ടിച്ചു. കേന്ദ്ര സർക്കാരായിരുന്നു ജാതി സെൻസസ് നടത്തേണ്ടിയിരുന്നതെന്നും തേജസ്വി പറഞ്ഞു. ജാതി സർവേയിൽ സംസ്ഥാന സർക്കാർ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണം തേജസ്വി നിഷേധിച്ചു.

സർക്കാർ കൃത്രിമം നടത്തിയിരുന്നെങ്കിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമുദായമായ കുർമി ജനസംഖ്യ കൂടുതലാണെന്നു വരേണ്ടതല്ലേ. കുർമി സമുദായ ജനസംഖ്യ കുറവാണെന്നു സർവേയിൽ കണ്ടെത്തിയിട്ടുണ്ടല്ലോയെന്നും തേജസ്വി ചൂണ്ടിക്കാട്ടി. ബിഹാറിലെ ജനസംഖ്യയിൽ 63 ശതമാനം മറ്റു പിന്നാക്ക വിഭാഗക്കാരാണെന്നാണു ജാതി സർവേയിൽ കണ്ടെത്തിയത്.

Top