ബിഹാറിലുടനീളം യാത്ര സംഘടിപ്പിക്കാനൊരുങ്ങി തേജസ്വി യാദവ്

പട്ന: ബിഹാറിലുടനീളം യാത്ര സംഘടിപ്പിക്കാനൊരുങ്ങി ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഫെബ്രുവരി 20 മുതലാണ് തേജസ്വിയുടെ യാത്ര ആരംഭിക്കുക. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ സിംഗിന്റെ നേതൃത്വത്തില്‍ തേജസ്വിയുടെ വസതിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിന് ശേഷമാണ് തീരുമാനം.

സംസ്ഥാനത്ത് 17 വര്‍ഷത്തെ എന്‍ഡിഎ ഭരണത്തെക്കാള്‍ മികച്ചതായിരുന്നു 17 മാസം നീണ്ട മഹാസഖ്യ സര്‍ക്കാരെന്ന സന്ദേശത്തിലൂന്നിയാവും തേജസ്വിയുടെ യാത്ര. 10 ലക്ഷം തൊഴില്‍ ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് പ്രചാരണം നല്‍കും.

‘ഉപമുഖ്യമന്ത്രിയായ ശേഷം അഞ്ച് ലക്ഷം തൊഴില്‍ നല്‍കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നതിന്റെ തെളിവാണിത്. അത് ഭാവിയിലും തുടരും.’ യോഗത്തിന് ശേഷം തേജസ്വി പ്രതികരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തേജസ്വി യാദവിനെതിരെയുള്ള ക്രിമിനല്‍ കേസ് സുപ്രീം കോടതി റദ്ദാക്കിയത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലും തേജസ്വി പങ്കെടുക്കും. ഇന്ന് കൈമൂര്‍ ജില്ലയില്‍വെച്ചാണ് യോഗത്തിന്റെ ഭാഗമാവുക. നിതീഷ് കുമാര്‍ മഹാസഖ്യ ബന്ധം അവസാനിപ്പിച്ച് എന്‍ഡിഎയില്‍ പോയശേഷം ഒരു ആര്‍ജെഡി നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിടുന്നത് ഇതാദ്യമാണ്. വ്യാഴാഴ്ച്ചയാണ് ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിലെ ഔരംഗാബാദിലേക്ക് പ്രവേശിപ്പിച്ചത്.

Top