തേജ് ബഹദൂറിന്റെ പത്രിക തള്ളിയ സംഭവം: തെര. കമ്മീഷന്റെ വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ എസ്പി സ്ഥാനാര്‍ഥിയും മുന്‍ ബിഎസ്എഫ് ജവാനുമായ തേജ് ബഹദൂര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തെര. കമ്മീഷന്റെ നിലപാട് ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടി പരിശോധിച്ച് 24 മണിക്കൂറിനകം നിലപാട് അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ബിഎസ്എഫില്‍നിന്നു പുറത്താക്കിയ കാര്യം തേജ് ബഹാദൂര്‍ യാദവ് നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വരണാധികാരി നടപടിയെടുത്തത്. സൈനിക സേവനത്തില്‍ നിന്നോ സര്‍ക്കാര്‍ സര്‍വീസില്‍നിന്നോ പുറത്താക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നാണ് തേജ് ബഹാദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രിക തള്ളിക്കൊണ്ട് വാരാണസി വരണാധികാരി വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ അഴിമതി, വിധേയത്വ വിഷയങ്ങളില്‍ പുറത്താക്കപ്പെട്ടാല്‍ മാത്രമാണ് ഇത്തരത്തിലുള്ള നടപടി നേരിടേണ്ടി വരികയുള്ളു എന്നും അച്ചടക്ക നടപടി നേരിടുന്നവര്‍ക്ക് ജനപ്രാതിനിധ്യ നിയമത്തിലെ ഒന്‍പതാം വകുപ്പ് ബാധകമല്ലെന്നും യാദവ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.

Top