പത്രിക സ്വീകരിക്കാത്തതില്‍ തേജ് ബഹാദൂര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരെ വാരണാസിയില്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. നാമനിര്‍ദേശ പത്രിക തള്ളിയതില്‍ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു.

സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. സൈനിക സേവനത്തില്‍ നിന്നോ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നോ പുറത്താക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നാണ് തേജ് ബഹാദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രിക തള്ളിക്കൊണ്ട് വാരാണസി വരണാധികാരി വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നല്‍കിയിരുന്നുവെന്നും അച്ചടക്കരാഹിത്യത്തിനാണ് നടപടിയെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജ് ബഹാദൂര്‍ പറയുന്നു.

അഴിമതി കേസിലാണോ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യത്തിന് ആദ്യം അതേ എന്നായിരുന്നു തേജ് ബഹാദൂര്‍ യാദവ് നല്‍കിയ മറുപടി. പിന്നീട് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തുകയും ചെയ്തു. ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് തേജ് ബഹാദൂറിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.

ആദ്യം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ തേജ് ബഹാദൂര്‍ പിന്നീട് എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യ സ്ഥാനാര്‍ത്ഥിയായി പുതിയ പത്രിക നല്‍കുകയായിരുന്നു.

Top