tej bahadoor bsf facebook

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ പട്ടിണിയിലാണെന്ന് പരിതപിച്ച ബിഎസ്എഫ് ജവാന്‍ പുതിയ വെളിപ്പെടുത്തലുമായി വീണ്ടും.

തന്നെ പാക്കിസ്ഥാനുമായി ബന്ധിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ചാണ് തേജ് ബഹാദൂര്‍ യാദവ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണയും ഫേസ്ബുക്ക് വീഡിയോയിലാണ് തേജ് ബഹാദൂര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സ്വരാജ് സമാചാര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. തന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും മാനസികമായി തന്നെ പീഡിപ്പിക്കുകയാണെന്നും വീഡിയോയില്‍ അദ്ദേഹം ആരോപിക്കുന്നു.

രാജ്യത്തെ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍, സ്വന്തം വകുപ്പിലെ അഴിമതി ഇല്ലാതാക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. മോശം ഭക്ഷണം സംബന്ധിച്ച തന്റെ വീഡിയോ സത്യസന്ധമാണെന്നും ബഹാദൂര്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്കു കിട്ടുന്ന മോശം ഭക്ഷണം ഉള്‍പ്പടെയുള്ള പരാധീനതകള്‍ വീഡിയോയില്‍ ചിത്രീകരിച്ച് ഫേസ്ബുക്കിലിട്ടതോടെയാണ് തേജ് ബഹാദൂര്‍ നേരത്തെ വാര്‍ത്തയായത്. മോശം ഭക്ഷണത്തിന്റെ ദൃശ്യം സഹിതം ഈ ഭക്ഷണം കഴിച്ച് ഒരു ജവാന് പത്തു മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു യാദവിന്റെ ചോദ്യം.

പുതിയ വീഡിയോയിലുള്ളത് തേജ് തന്നെയാണെന്ന് ബി.എസ്.എഫ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്നാം വാരം ഭാര്യ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാകാം സൈനികന്‍ ദൃശ്യങ്ങളെടുത്തത്.

തേജിന് ചില പാകിസ്താന്‍ സ്വദേശികള്‍ ഫേസ്ബുക്ക് സുഹൃത്തുക്കളായിട്ടുണ്ട്. അവര്‍ ഏതെങ്കിലും തരത്തില്‍ സൈനികനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top