രാജ്യത്തെ നിയമം ട്വിറ്റര്‍ അനുസരിക്കാന്‍ തയ്യാറാവണം; കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രം കൊണ്ടുവന്ന പുതിയ ഐടി നിയമത്തിനെതിരെയുള്ള ട്വിറ്ററിന്റെ പ്രതികരണത്തിനെതിരേ കേന്ദ്രം. രാജ്യത്തെ നിയമങ്ങള്‍ ട്വിറ്റര്‍ അനുസരിക്കാന്‍ തയ്യാറാകണമെന്നും നിയമം എന്തായിരിക്കണമെന്ന് നിര്‍ദേശിക്കേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ട്വിറ്റര്‍ രാജ്യത്തെ നിയമം അനുസരിക്കാന്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ട്വിറ്റര്‍ പ്രതികരിച്ചിരുന്നു.

ട്വിറ്റര്‍ ഉരുണ്ടുകളിക്കുന്നത് നിര്‍ത്തി രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകണം. നിയമനിര്‍മാണവും നയരൂപവത്കരണവും രാജ്യത്തിന്റെ സവിശേഷാധികാരമാണ്. ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം മാത്രമായ ട്വിറ്ററിന് ഇന്ത്യയുടെ നിയമ ഘടന എന്തായിരിക്കണമെന്ന് നിര്‍ദേശിക്കാനാവില്ല. ട്വിറ്ററിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുമുള്ളതാണെന്നും കേന്ദ്ര ഇലക്ട്രോണിക് ഐടി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് ലാഭം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന വിദേശ സ്വകാര്യ കമ്പനിയായ ട്വിറ്ററിന്റെ സവിശേഷാധികാരമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റേതായ മഹത്തായ ജനാധിപത്യ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും അവരുടെ സ്വകാര്യതയും സര്‍ക്കാര്‍ വിലമതിക്കുന്നു. എന്നാല്‍ ട്വിറ്ററിന്റെ താര്യമല്ലാത്ത നയങ്ങളാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം. അതിന്റെ ഫലമായി ഏകപക്ഷീയമായി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നീക്കംചെയ്യപ്പെടുകയും ട്വീറ്റുകള്‍ ഡീലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു, പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാരെ സംബന്ധിച്ച സമീപകാല സംഭവങ്ങളിലും, ഞങ്ങള്‍ സേവനം നല്‍കുന്ന ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയിലും ഞങ്ങള്‍ ആശങ്കാകുലരാണ്. ട്വിറ്ററിന്റെ ആഗോള സേവന നിബന്ധനകള്‍ നടപ്പിലാക്കുന്നതിനെതിരേ പോലീസ് ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിലും ഐടി നിയമത്തിലെ പ്രധാനഘടകങ്ങള്‍ സംബന്ധിച്ചും ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ട്വിറ്റര്‍ പ്രതികരിച്ചിരുന്നു.

Top