തെഹരീക്- ഇ- താലിബാന്റെ സാന്നിദ്ധ്യം: അമേരിക്കൻ മുന്നറിയിപ്പ് തള്ളി അഫ്ഗാൻ ഭരണകൂടം

കാബൂൾ: താലിബാനെ സഹായിക്കാനും അധികാരം പിടിക്കാനും പാകിസ്താനിലെ ഭീകരസംഘടനകൾ സജീവമെന്ന സൂചനകൾ തള്ളി അഫ്ഗാൻ ഭരണകൂടം. പാകിസ്താൻ കേന്ദ്രമാക്കിയുള്ള തെഹരീക്- ഇ- താലിബാന്റെ സാന്നിദ്ധ്യത്തെക്കുറിച്ചാണ് അമേരിക്ക സൂചന നൽകിയത്. എന്നാൽ തങ്ങളുടെ പ്രദേശത്ത് ടി.ടി.പി യുടെ സാന്നിദ്ധ്യമില്ലെന്നാണ് അഫ്ഗാൻ പറയുന്നത്.

അഫ്ഗാന്റെ ദേശീയ സുരക്ഷാ നിയമങ്ങളുടെ കാഴ്ചപ്പാടിൽ ഭീകരരുടെ ഏതു നീക്കവും രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയും തകർക്കുന്നതാണ്. അത്തരം നീക്കം നടത്തുന്നവരെ ഒരു ശത്രുരാജ്യമെന്ന നിലയിൽ ശക്തമായ നടപടികളിലൂടെ നിയന്ത്രിക്കും. അഫ്ഗാൻ ഭരണകൂടം ഭീകരതയോട് കർശനമായ നടപടികളാണ് സ്വീകരിക്കുക. നിലവിൽ പുറമേ നിന്നുള്ള അത്തരം ഭീഷണിയില്ല.’ അഫ്ഗാൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

അമേരിക്കയുടെ സെെനിക പിൻമാറ്റം പൂർത്തിയാകുന്നതോടെ ഭീകരർ അഫ്ഗാനിൽ പിടിമുറുക്കിയേക്കുമെന്ന മുന്നറിയിപ്പ് സഖ്യസേനകൾ നൽകിയിട്ടുണ്ട്. എന്നാൽ  എല്ലാത്തരത്തിലും തങ്ങൾ സുരക്ഷിതരാണെന്ന അവകാശവാദമാണ് അഫ്ഗാൻ ഭരണകൂടം ഉന്നയിക്കുന്നത്. ഇതിനിടെ തെഹരിക് ഇ താലിബാൻ പാകിസ്താൻ ഭരണകൂടത്തിനും ഭീഷണിയാണെന്ന വാദവുമായി പാകിസ്താനും രംഗത്തുണ്ട്. പാകിസ്താൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദാണ് പ്രസ്താവന നടത്തിയത്. മാത്രമല്ല താലിബാൻ പ്രവിശ്യ ഭരണകൂടങ്ങൾ തെഹരീക് ഇ താലിബാനെന്ന ഭീകര സംഘടനയ്ക്ക് എതിരാണെന്നും പാകിസ്താൻ വ്യക്തമാക്കി.

Top