ടീസ്റ്റ സെതൽവാദ് കേസ് അന്വേഷണം മലയാളി ഐപിഎസ് ഉദ്യോഗസ്‌ഥൻ ദീപൻ ഭദ്രന്

മുംബൈ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ടീസ്റ്റ സെതൽവാദ് അടക്കമുള്ളവർക്കെതിരായ വ്യാജ ആരോപണ കേസ് അന്വേഷിക്കുക മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ദീപൻ ഭദ്രന്‍. ഗുജറാത്ത് എടിഎസ് ഡിഐജിയാണ് ദീപൻ ഭദ്രൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാലംഗസംഘമാണ് കേസ് അന്വേഷിക്കുക. തീവ്രവാദ വിരുധ സേനയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരായി വ്യാജ ആരോപണങ്ങളുന്നയിച്ചെന്നാണ് ടീസ്റ്റ സെതൽവാദ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർബി ശ്രീകുമാർ എന്നിവർക്കെതിരായ കേസ്. അഹമ്മദാബാദ് ക്രൈംബ്രാഞ്ചായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്.

പോലീസ് കസ്റ്റഡിയിൽ തനിക്ക് മർദ്ദനമേറ്റെന്ന് തീസ്ത മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചിരുന്നു. രാവിലെ വൈദ്യപരിശോധനയ്ക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് തീസ്ത കസ്റ്റഡി മർദ്ദനം ഉണ്ടായെന്ന് ആരോപിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയെന്നും അപമര്യാദയായി പെരുമാറുകയും വാറന്‍റ് പോലും കാണിക്കാതെ ബലമായി പിടിച്ച് കൊണ്ടുപോവുകയായിരുന്നെന്നും മുംബൈ പൊലീസിൽ ഇന്നലെ പരാതി നൽകിയിട്ടുമുണ്ട്.

പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അറസ്റ്റിലായ മലയാളിയായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്. കേസിൽ പ്രതി ചേർത്ത മുൻ ഡിഐജി സഞ്ജീവ് ഭട്ടിനെയും അഹമ്മദാബാദിലേക്ക് എത്തിക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി. കസ്റ്റഡി മരണക്കേസിൽ ജയിലിലാണ് ഭട്ട്.

Top