ഗുജറാത്ത് കലാപം; സമര്‍പ്പിച്ചത് വ്യാജ രേഖകള്‍; ടീസ്റ്റ സെതല്‍വാദും ആര്‍ബി ശ്രീകുമാറും അറസ്റ്റില്‍

അഹമ്മദാബാദ്: മലയാളിയും മുൻ ഐപിഎസ് ഓഫീസറും ഗുജറാത്ത് ഡിജിപിയുമായിരുന്ന ആർബി ശ്രീകുമാർ, സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് എന്നിവരെ ഗുജറാത്ത് ആന്റി ടെറർ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. മുംബൈയിൽ വച്ചാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ വ്യാജ രേഖകൾ സമർപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ടീസ്റ്റയ്ക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു. മലയാളിയായ ഗുജറാത്ത് മുൻ ‍ഡിജിപി ആർബി ശ്രീകുമാറും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടും കേസിലെ പ്രതികളാണ്.

ടീസ്റ്റയെ മുംബൈ സാന്റാക്രൂസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവിടെ നിന്ന് ഇവരെ ഗുജറാത്തിലേക്ക് കൊണ്ടു പോകും.

2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയിരുന്നു. പിന്നാലെയാണ് ഇരുവരുടേയും അറസ്റ്റ്. ശ്രീകുമാറും ടീസ്റ്റ് സെതൽവാദും മുൻ ഐപിഎസ് ഓഫീസറായ സഞ്ജീവ് ഭട്ടും സാക്കിയ ജാഫ്രി മുഖേന നിരവധി ഹർജികൾ കോടതിയിൽ സമർപ്പിക്കുകയും എസ്‌ഐടി മേധാവിക്കും മറ്റുള്ളവർക്കുമെതിരെ തെറ്റായ വിവരങ്ങൾ നൽകിയെന്നുമാണ് അന്വേഷണം സംഘം പറയുന്നത്.

കലാപ സമയത്ത് ശ്രീകുമാർ ഗുജറാത്ത് എഡിജിപിയായിരുന്നു. ഗോധ്രാ സംഭവ സമയത്ത് സായുധ സേനാ തലവനുമായിരുന്ന അദ്ദേഹം കലാപം ഗുജറാത്ത് സർക്കാരിന്റെ അറിവോയടെയാണെന്ന നിലപാടിൽ ഉറച്ച നിന്ന ഉദ്യോഗസ്ഥനാണ്.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ശരിവെച്ച ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് ശരിവച്ചത്. ഹൈക്കോടതി വിധിക്കെതിരെ സാക്കിയ ജാഫ്രി നൽകിയ ഹർജി കോടതി തള്ളിയിരുന്നു.

ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 2002 ലെ ഗുജറാത്ത് കലാപത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നെന്നും, ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സാക്കിയ ജാഫ്രി സുപ്രീം കോടതിയെ സമീപിച്ചത്.

കലാപത്തിനിടെ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിലുണ്ടായ സംഘർഷത്തിൽ സാക്കിയയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ ഇഹ്‌സാൻ ജാഫ്രി കൊല്ലപ്പെട്ടിരുന്നു. എന്നാൽ കലാപത്തിന് പിന്നിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കോ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കോ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്.

2012 ഫെബ്രുവരി എട്ടിന് നൽകിയ എസ്‌ഐടിയുടെ അന്തിമ റിപ്പോർട്ടിൽ മോദി അടക്കം 63 പേരെ വിചാരണ ചെയ്യാൻ തക്ക തെളിവുകളില്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നതായും വ്യക്തമാക്കിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് അംഗീകരിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് സാക്കിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചത്.

അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിലുണ്ടായ കലാപത്തിൽ ഇഹ്‌സാൻ ജാഫ്രി അടക്കം 68 പേരാണ് കൊല്ലപ്പെട്ടത്. ഗോധ്രയിൽ 59 പേരുടെ മരണത്തിനിടയാക്കിയ സബർമതി എക്‌സ്പ്രസ് തീവെച്ച സംഭവത്തിന് പിറ്റേന്നാണ് അഹമ്മദാബാദിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഗുജറാത്ത് കലാപത്തിൽ ആകെ 3000 ഓളം പേർ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.

Top