Teen fidayeen of Jaish-e-Mohammad caught alive in Jammu

ശ്രീനഗര്‍: ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയശേഷം ഒളിവില്‍പ്പോയ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നിന്ന് പിടിയിലായി. മുഹമ്മദ് സാദിഖ് ഗുജ്ജാര്‍ എന്ന പതിനേഴുകാരനാണ് പിടിയിലായത്.

സൈന്യത്തിന്റെ സംയുക്ത സംഘവും രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന നടത്തിയ നീക്കത്തിലാണ് ഗുജ്ജാര്‍ വലയിലായത്. പാക്കിസ്ഥാനിലെ സിയാല്‍ക്കോട്ട് സ്വദേശിയാണ് ഗുജ്ജാര്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് നിയന്ത്രണ രേഖയ്ക്കു സമീപം ടങ്ധര്‍ സൈനിക ക്യാംപില്‍ കടന്നുകയറി കനത്ത ആക്രമണം അഴിച്ചുവിട്ട ഭീകര സംഘത്തില്‍പ്പെട്ടയാളാണ് ഗുജ്ജാര്‍. ഗുജ്ജാറുള്‍പ്പെട്ട നാലംഗ സംഘമാണ് അന്ന് സൈനിക ക്യാംപിന് നേരെ ആക്രമണം നടത്തിയത്.

സംഘത്തിലെ മറ്റു മൂന്നുപേരെയും ഏഴു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ ഒരു സാധാരണ പൗരന്‍ കൊല്ലപ്പെടുകയും ഒരു സൈനികനു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പുലര്‍ച്ചെ 6.10ന് ആയിരുന്നു ഭീകരാക്രമണം. പാക്കിസ്ഥാനില്‍ നിന്നു നുഴഞ്ഞുകയറിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ക്യംപിലെ ഏതാനും വാഹനങ്ങള്‍ക്കു തീപിടിക്കുകയും ചെയ്തു. എന്നാല്‍, ആക്രമണത്തിനുശേഷം ഗുജ്ജാര്‍ രക്ഷപ്പെടുകയായിരുന്നു.

ജയ്‌ഷെ മുഹമ്മദിന്റെ അഫ്‌സല്‍ ഗുരു സ്‌ക്വാഡില്‍പ്പെട്ടയാളാണ് ഗുജ്ജാര്‍. നിലവില്‍ കശ്മീരില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് അഫ്‌സല്‍ ഗുരു സ്‌ക്വാഡ്. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലേതുള്‍പ്പെടെ അടുത്ത കാലത്ത് ഇന്ത്യ സാക്ഷ്യം വഹിച്ച മൂന്നു ചാവേറാക്രമണങ്ങള്‍ക്കും പിന്നില്‍ ഈ സംഘമാണ്.

Top