ആരു കള്ളവോട്ടു ചെയ്താലും മുഖംനോക്കാതെ നടപടിയെടുക്കും ; കോടിയേരിക്ക് മറുപടിയുമായി ടിക്കാറാം മീണ

തിരുവനന്തപുരം : എല്ലാ രാഷ്ട്രീയ കക്ഷികളോടും സമദൂരം പാലിക്കുന്നയാളാണു താനെന്നും കള്ളവോട്ടു പ്രശ്‌നത്തില്‍ യുഡിഎഫിന്റെ സമ്മര്‍ദത്തില്‍ താന്‍ വീണുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം വേദനാജനകമാണെന്നും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരും ബഹുമാനപ്പെട്ടവരുമായ നേതാക്കള്‍ ഇങ്ങനെ പറയരുതെന്നും ടിക്കാറാം മീണ പറഞ്ഞു. സ്വതന്ത്രവും നീതിപൂര്‍വവുമായേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. കള്ളവോട്ട് മൂടിവയ്‌ക്കേണ്ട കാര്യമല്ല. കണ്ണൂര്‍ കലക്ടറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണു നടപടിയെടുത്തത്. തുടര്‍ന്നും ഇങ്ങനെ തന്നെ പ്രവര്‍ത്തിക്കുമെന്നും മീണ അറിയിച്ചു.

ആരു കള്ളവോട്ടു ചെയ്താലും മുഖംനോക്കാതെ നടപടിയെടുക്കും. തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രതിനിധിയെന്ന നിലയില്‍ ഈ കേസരയില്‍ ഇരിക്കുമ്പോള്‍ അതിന്റേതായ സത്യസന്ധത പാലിക്കാന്‍ തനിക്ക് ഉത്തരവാദിത്തമുണ്ട്. നിഷ്പക്ഷവും സ്വതന്ത്രവും നീതിപൂര്‍വവുമാണു കാര്യങ്ങള്‍ ചെയ്യുന്നത്.അതു തുടരും.നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ.ഇനി പ്രവര്‍ത്തിക്കുകയുമുള്ളൂ.

എതിര്‍കക്ഷിയെ കേള്‍ക്കാതെ തീരുമാനം എടുത്തുവെന്ന ആരോപണം ശരിയല്ല. അന്വേഷണത്തിന്റെ ഭാഗമായി കലക്ടര്‍ അവരുടെ മൊഴി എടുത്തിരുന്നു.കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ തീരുമാനവും വന്നത്. ജോലിക്കിടെ തനിക്ക് അസുഖകരമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരാറുണ്ട്. അതില്‍ രാഷ്ട്രീയം കാണുന്നത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാറില്ല. തെറ്റു ചൂണ്ടിക്കാട്ടേണ്ടതു മാധ്യമ ധര്‍മമാണ്. അത് ഉദ്യോഗസ്ഥ തലത്തില്‍ അന്വേഷിച്ചു ശരിയാണെന്നു ബോധ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കുകയുമാണ് ചെയ്യുന്നത്.

ഏതെങ്കിലും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നയാളല്ല താന്‍. ജനങ്ങള്‍ക്കും ഭരണഘടനയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തനിക്കെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതു വേദന ഉണ്ടാക്കുന്നു. ജീവിതത്തില്‍ ഒരിക്കലും താന്‍ അങ്ങനെപ്രവര്‍ത്തിച്ചിട്ടില്ല. പ്രവര്‍ത്തിക്കുകയുമില്ല. ഇക്കാര്യത്തില്‍ തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ രാഷ്ട്രീയ നേതാക്കളോടും ബഹുമാനമുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍ കൂടുതലായിരുന്നുവെന്ന കെ.മുരളീധരന്റെ ആക്ഷേപവും ശരിയല്ല. യന്ത്രങ്ങള്‍ കേടായതിന്റെ തോത് ദേശീയ ശരാശരിയെക്കാള്‍ കുറവായിരുന്നു. ഇത്തരം കാര്യങ്ങളില്‍ നിരുത്തരവാദപരമായി ആക്ഷേപം ഉന്നയിക്കുന്നതു ശരിയല്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. മുഖ്യതിര‍ഞ്ഞെടുപ്പ് ഓഫിസര്‍ യുഡിഎഫിന്റെ വലയില്‍ വീണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ യുഡിഎഫിന്റെ പ്രചരണ തന്ത്രത്തിന്റെ ഭാഗമായെന്ന് കോടിയേരി ആരോപിച്ചിരുന്നു.

മൂന്ന് പേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആരോപണ വിധേയരോട് വിശദീകരണം മീണ തേടിയില്ലെന്നും ഇവരുടെ സ്വാഭാവിക നീതി പോലും നിഷേധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

മീണ മാധ്യമവിചാരണയ്ക്കനുസരിച്ച് തീരുമാനമെടുക്കരുത്. യുഡിഎഫ് നേതൃത്വവും മാധ്യമങ്ങളും നടത്തുന്ന എകപക്ഷീയമായ നീക്കത്തില്‍ മീണ കുടുങ്ങരുത്. ഒരു പരിശോധനയ്ക്കും പാര്‍ട്ടി എതിരല്ലെന്നും പക്ഷേ പരിശോധനകള്‍ ഏകപക്ഷീയമാകരുതെന്നും കോടയേരി കൂട്ടിച്ചേര്‍ത്തു.

Top