Ted Crus,Republican president candidate

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ മുന്നിൽ നിൽക്കുന്ന ഡൊണാൾഡ് ട്രമ്പിന്റെ മുസ്ലീം വിരുദ്ധ പ്രസ്‌താവനയ്ക്കെതിരെ ജനപിന്തുണയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ടെഡ് ക്രൂസ് രംഗത്ത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ സമാധാനപ്രിയരാണെന്ന് ടെഡ് ക്രൂസ് പറഞ്ഞു. മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിയ്ക്കാന്‍ അനുവദിയ്ക്കരുതെന്ന ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രസ്താവന വലിയ വിവാദമായിരിയ്‌ക്കെയാണ് സ്ഥാനാര്‍ത്ഥി സംവാദത്തിനിടെ ടെഡ് ക്രൂസിന്റെ പ്രസ്താവന.

എന്നാല്‍ ടെഡ് ക്രൂസിന്റെ തിരുത്തലിലും മുസ്ലീം വിരുദ്ധത നിറഞ്ഞു നിന്നു എന്നതും ശ്രദ്ധേയമായി. എല്ലാ കുതിരക്കള്ളന്മാരും ഡെമോക്രാറ്റുകളാണ്. എന്നാല്‍ എല്ലാ ഡെമോക്രാറ്റുകളും കുതിരക്കള്ളന്മാരല്ലെന്നായിരുന്നു ടെക്‌സാസില്‍ നിന്നുള്ള സെനറ്ററായ ടെഡ് ക്രൂസ് പറഞ്ഞത്.

അല്‍ ക്വയ്ദയ്ക്കും ഐസിസിനും നിയന്ത്രണമുള്ള രാജ്യങ്ങളിലേതു പോലുള്ള സാഹചര്യമല്ല ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളത്. ഇന്ത്യന്‍ ജനസംഖ്യയില്‍ 15 ശതമാനത്തിലധികം വരുന്ന മുസ്ലീങ്ങള്‍ ചില അപവാദങ്ങളൊഴിച്ചാല്‍ മറ്റ് സമുദായത്തില്‍ പെട്ടവരുമായി താരതമ്യേന സമാധാനത്തിലാണ് കഴിയുന്നത്. ഇസ്ലാമിക തീവ്രവാദത്തേയും ഭീകരതയേയുമാണ് നേരിടേണ്ടതെന്നും ടെഡ് ക്രൂസ് പറഞ്ഞു.

ലാസ് വേഗാസില്‍ സി.എന്‍.എന്‍ സംഘടിപ്പിച്ച സംവാദത്തിനിടെയാണ് ടെഡ് ക്രൂസ് ഇക്കാര്യം പറഞ്ഞത്. കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോയില്‍ മുസ്ലീം ദമ്പതികള്‍ നടത്തിയ വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു ഡൊണാള്‍ഡ് ട്രമ്പിന്റെ വിവാദ പ്രസ്താവന.

Top