വനിതാ മതില്‍; ടെക്കികളെയും പങ്കെടുപ്പിക്കുവാന്‍ നിര്‍ദേശം

തിരുവനന്തപുരം: വനിതാമതിലില്‍ ടെക്കികളെയും പങ്കെടുപ്പിക്കുവാന്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് തിരുവനന്തപുരം കളക്ടര്‍ ടെക്‌നോപാര്‍ക്ക് സിഇഒയ്ക്ക് കത്ത് നല്‍കി.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാരെ വനിതാ മതിലില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സാധാരണക്കാരെയോ മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ നിയമ നടപടിയുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

വനിതാ മതിലിനായി പെന്‍ഷന്‍കാരില്‍ നിന്നും പണപ്പിരിവ് നടത്തിയെന്ന വാര്‍ത്ത വിവാദമായി മാറിയിരുന്നു. എന്നാല്‍, സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സിപിഐഎം അന്വേഷിക്കുമെന്നും വനിതാ മതിലിന്റെ പേരില്‍ പണപ്പിരിവ് അനുവദിക്കില്ലെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top