ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിക്കില്ല; വ്യക്തമാക്കി ട്വിറ്റര്‍ മേധാവി

ട്വിറ്ററില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരിക്കലും അവതരിപ്പിക്കില്ലെന്ന് ട്വിറ്റര്‍ മേധാവി ജാക്ക് ഡോഴ്സി. എഡിറ്റ് ഓപ്ഷന്‍ നല്‍കരുത് എന്ന ആശയം ട്വിറ്ററിന്റെ അടിസ്ഥാന രൂപകല്‍പനയില്‍ പെടുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ട്വിറ്ററില്‍ ഒരിക്കലും അവതരിപ്പിക്കാനിടയില്ലെന്ന് വയേര്‍ഡിന് (wired) നല്‍കിയ പ്രതികരണത്തിലാണ് ട്വിറ്റര്‍ മേധാവി പറഞ്ഞത്. ഒരിക്കല്‍ പങ്കുവെച്ച ട്വീറ്റുകളില്‍ തിരുത്ത് വരുത്താനുള്ള ഓപ്ഷന്‍ നിലവില്‍ നല്‍കിയിട്ടില്ല. ട്വീറ്റുകളില്‍ എന്തെങ്കിലും പിശക് സംഭവിച്ചാല്‍ അത് നീക്കം ചെയ്ത് മറ്റൊന്ന് പങ്കുവെക്കണം.

ട്വീറ്റുകള്‍ എഡിറ്റ് ചെയ്യുന്നത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അതുവഴി ഉപയോക്താക്കള്‍ തെറ്റിദ്ധരിക്കപ്പെടാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തുടക്കകാലം തൊട്ടുള്ള ആ രീതി തുടരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജാക്ക് ഡോഴ്സി കൂട്ടിച്ചേര്‍ത്തു.

Top