ഇനി സ്വതന്ത്ര ബ്രാന്റ്; ഫോണുകള്‍ വീണ്ടും വിപണിയിലെത്തിക്കാനൊരുങ്ങി പോകോ

ഷാവോമിയുടെ ഉപ ബ്രാന്റായ പോകോ കമ്പനി ഇനി മുതല്‍ ഷാവോമിയുടെ കീഴില്‍ നിന്നും മാറി സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ഷാവോമിയുടെ നിയന്ത്രണത്തില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്രമായൊരു സംഘം പോകോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ് ഒരുങ്ങുന്നത്.

ഇതോടെ സ്വന്തമായി പ്രവര്‍ത്തിക്കാനും തീരുമാനങ്ങളെടുക്കാനും പോകോയ്ക്ക് സാധിക്കും. പോകോയ്ക്ക് 2018ലാണ് ഷാവോമി തുടക്കമിട്ടത്. ആദ്യമായി വിപണിയിലിറക്കിയത് പോകോ എഫ് 1 ആണ്. ഇത് വലിയ ജനപ്രീതി നേടുകയും ചെയ്തു. എന്നാല്‍ അതിനുശേഷം പോകോ ഇതുവരെ പുതിയൊരു ഫോണ്‍ ഇറക്കിയിട്ടില്ല.

പോകോ എഫ് 2 ഫോണുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നിലവിലുണ്ടെങ്കിലും സ്ഥിരീകരണങ്ങളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ജനപ്രിയ ഫോണ്‍ ശ്രേണിയായിരുന്ന റെഡ്മിയെ ഒരു സ്വതന്ത്ര ബ്രാന്റായി ഷാവോമി പ്രഖ്യാപിച്ചിരുന്നു.
പോകോയെ സ്വതന്ത്ര ബ്രാന്റാക്കിമാറ്റുന്നതോടെ ഫോണുകള്‍ വീണ്ടും വിപണിയിലെത്തിത്തുടങ്ങിയേക്കും.

Top