ഇന്‍സ്റ്റാഗ്രാമിനെ മാതൃകയാക്കി പ്രൊഫൈല്‍ പുനര്‍രൂപകല്‍പന ചെയ്യാന്‍ ടിക് ടോക്ക്

ടിക് ടോക്ക് യൂസര്‍ പ്രൊഫൈല്‍ പുനര്‍രൂപകല്‍പന ചെയ്യാന്‍ ഒരുങ്ങുന്നു. ഫോട്ടോ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനെ മാതൃകയാക്കിയാണ് ടിക് ടോക്ക് പ്രൊഫൈല്‍ പുനര്‍രൂപകല്‍പന ചെയ്യുന്നത്.

പ്രൊഫൈല്‍ പുനര്‍രൂപകല്‍പന ചെയ്യുന്നതോടെ ടിക് ടോക്ക് പ്രൊഫൈല്‍ വിന്‍ഡോയിലെ ഫോളോ കൗണ്ട് ഇടത് ഭാഗത്തേക്ക് മാറും. യൂസര്‍ ബയോയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഉപയോക്താക്കള്‍ക്കായി കൂടുതല്‍ മാര്‍ഗങ്ങള്‍ നിരന്തരം തേടിക്കൊണ്ടിരിക്കുകയാണ് തങ്ങളെന്ന് ടിക് ടോക്ക് വക്താവ് വ്യക്തമാക്കി.

ഇത് കൂടാതെ ഉപയോക്താക്കള്‍ക്ക് പ്രൊഫൈല്‍ ബയോയില്‍ അവരുടെ കൊമേഷ്യല്‍ ലിങ്കുകള്‍ ചേര്‍ക്കാനുള്ള സൗകര്യവും ടിക് ടോക്ക് പരീക്ഷിക്കുന്നുണ്ട്. ഇതോടെ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ വിതരണക്കാര്‍ക്കും ഇതുവഴി ടിക് ടോക്ക് പ്രയോജനപ്പെടുത്താനാവും. ഫെയ്സ്ബുക്കിനെ തന്നെ വെല്ലുവിളിച്ചാണ് ടിക് ടോക്ക് ഡോണ്‍ലോഡുകളുടെ എണ്ണം 150 കോടി കടന്നത്.

Top