ടാബ്‌ലറ്റ് വില്‍പന; വിപണി കീഴടക്കി മുന്നിലെത്തി ആപ്പിളിന്റെ ഐപാഡ്

ടാബ്‌ലറ്റ് വിപണിയില്‍ ഏറ്റവും മുന്നിലെത്തി ആപ്പിള്‍. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ ടാബ്‌ലറ്റ് വില്‍പനയില്‍ ആപ്പിളിനെ വെല്ലാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 10.2 ഇഞ്ച് ഐപാഡിന്റെ വില്‍പനയാണ് ആഗോള തലത്തില്‍ ആപ്പിളിനെ മുന്നിലെത്തിച്ചത്. സാംസങ്, വാവെയ്, ആമസോണ്‍, ലെനോവോ തുടങ്ങിയവരെല്ലാം ആപ്പിളിന്റെ പിന്നിലാണ് നിലകൊള്ളുന്നത്.

ആപ്പിളിന്റെ വിപണി 2018ലെ അവസാന പാദത്തില്‍ 29.6 ശതമാനമായിരുന്നത് കഴിഞ്ഞ വര്‍ഷം 36.5 ശതമാനമായി കുതിച്ചുയര്‍ന്നു. സാംസങും വാവെയുമാണ് ടാബ് വില്‍പനയില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. ടാബ് വിപണിയിലെ ഏറ്റവും വിലയേറിയ ഗാലക്സി ടാബ് എസ് 6 ആണ് സാംസങിന്റെ പ്രധാന തുറുപ്പുചീട്ട്.

Top