കൊറോണക്കെതിരെ പോരാടാന്‍ എസ്.ഒ.എസ് സംവിധാനവുമായി ഗൂഗിള്‍

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് മുന്നറിയിപ്പും ബോധവല്‍ക്കരണവുമായി ഗൂഗിള്‍ രംഗത്തെത്തി. കൊറോണ വൈറസിനെ സംബന്ധിച്ച്, ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് മുന്‍കരുതലുകളും സുരക്ഷിതമായിരിക്കാനുള്ള വിവരങ്ങളുമാണ് ഗൂഗിള്‍ നല്‍കുന്നത്. ഇതിനായി ഗൂഗിള്‍ എസ്.ഒ.എസ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചുമുള്ള ആധികാരികമായ വിവരങ്ങളും മുന്‍കരുതല്‍ നടപടികളുമാണ് ഗൂഗിളിന്റെ എസ്.ഒ.എസ് അലര്‍ട്ടിലുള്ളത്. കൂടാതെ വൈറസ് പടരുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങളും പ്രധാനമായും എസ്.ഒ.എസിലുണ്ട്.

കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള തിരച്ചില്‍ നടത്തിയാല്‍ ഗൂഗിളിന്റെ ഈ എസ്.ഒ.എസ് പേജും വിവരങ്ങളും കാണാനാകും. കൊറോണ വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ വിവരങ്ങളും ഗൂഗിള്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

ചൈനയില്‍ കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ചൈനീസ് റെഡ്ക്രോസിന് 2.50 ലക്ഷം ഡോളര്‍ ഗൂഗിള്‍ നേരിട്ടും എട്ട് ലക്ഷം ഡോളറിലേറെ ക്യാമ്പയിന്‍ വഴി സമാഹരിച്ചും നല്‍കിയിട്ടുണ്ട്.

Top