ഷാവോമിയുടെ എംഐ ബാന്‍ഡ് ഭീഷണിയോ? റിയല്‍മിയുടെ ഫിറ്റ്നസ് ബാന്‍ഡ് വിപണിയില്‍

ഷാവോമിയുടെ എംഐ ബാന്‍ഡ് 4നു ഭീഷണിയുമായി റിയല്‍മി ബാന്‍ഡ്. റിയല്‍മിയുടെ ആദ്യ ഫിറ്റ്നസ് ബാന്‍ഡ് പുറത്തിറക്കി. റിയല്‍ ടൈം ഹാര്‍ട്ട് റേറ്റ് മോണിറ്ററും, കളര്‍ ഡിസ്പ്ലേയുമായാണ് ബാന്‍ഡ് വിപണിയിലെത്തിയത്.

യുഎസ്ബി ഡയറക്ട് ചാര്‍ജ്, സ്മാര്‍ട് നോട്ടിഫിക്കേഷന്‍ സൗകര്യങ്ങളും അഞ്ച് ഡയല്‍ ഫെയ്സുകളും മൂന്ന് സ്ട്രാപ് കളര്‍ ഓപ്ഷനുകളുമാണ് റിയല്‍മി ബാന്‍ഡ് എത്തിയിരിക്കുന്നത്. കറുപ്പ്, പച്ച, മഞ്ഞ നിറങ്ങളില്‍ വിപണിയില്‍ എത്തുന്ന ബാന്‍ഡിന് 1499 രൂപയാണ് വില.

റിയല്‍മി ലിങ്ക് ആപ്പ് ഉപയോഗിച്ച് ഏത് ആന്‍ഡ്രോയിഡ് ഫോണുകളുമായും റിയല്‍മി ബാന്‍ഡ് ബന്ധിപ്പിക്കാം. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക ക്രിക്കറ്റ് മോഡും റിയല്‍മി ബാന്‍ഡിലുണ്ട്. റിയല്‍മി. കോമില്‍ നിന്ന് ബാന്‍ഡ് സ്വന്തമാക്കാം. ആമസോണിലും മറ്റ് ഓഫ് ലൈന്‍ സ്റ്റോറുകളിലും വൈകാതെ ബാന്‍ഡ് വില്‍പനയ്ക്കെത്തും.

നടത്തം, ഓട്ടം, യോഗ തുടങ്ങി ഒമ്പത് സ്പോര്‍ട്സ് മോഡുകള്‍ ഫിറ്റ്നസ് ബാന്‍ഡില്‍ ലഭിക്കും. പൊടി, മണ്ണ്, വെള്ളം എന്നിവയില്‍ നിന്നും ഐപി68 സംരക്ഷണമാണ് ബാന്‍ഡിന് നല്‍കിയിരിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ടിക് ടോക്ക്, യൂട്യൂബ് എന്നീ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ബാന്‍ഡില്‍ കാണാം.

80 x 160 പിക്സല്‍ റസലൂഷനുള്ള 0.96 ഇഞ്ച് കളര്‍ ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേ പാനലാണ് റിയല്‍മി ബാന്‍ഡിന്. ഷാവോമിയുടെ എംഐ ബാന്‍ഡ് 4 ന് വില 2499 രൂപയാണ്. എങ്കിലു ഇത് ഇപ്പോള്‍ 2299 രൂപയ്ക്കാണ് വില്‍പ്പനയ്ക്കുള്ളത്. ഷാവോമി എംഐ ബാന്‍ഡില്‍ ഡിസ്പ്ലേ തെളിയണമെങ്കില്‍ അതില്‍ ടച്ച് ചെയ്യേണ്ടതായുണ്ട്. എന്നാല്‍ റിയല്‍മി ബാന്‍ഡില്‍ ഗ്രാവിറ്റി സെന്‍സറിന്റെ സഹായത്തോടെ കൈ ഉയര്‍ത്തുമ്പോള്‍ തന്നെ സ്‌ക്രീന്‍ തെളിയുന്ന സൗകര്യം ലഭ്യമാണ്.

Top