മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന വില വേണം; പുതിയ നിര്‍ദ്ദേശവുമായി ടെലികോം കമ്പനികള്‍

ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ജിയോ തുടങ്ങിയവര്‍ മുന്നോട്ടുവച്ച പുതിയ നിര്‍ദ്ദേശം ചര്‍ച്ചയാവുന്നു. മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന വില വേണമെന്നാണ് കമ്പനികളുടെ ആവശ്യം. നിശ്ചിത തുക അടിസ്ഥാനവിലയായി ഈടാക്കണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഈ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ റീചാര്‍ജ് തുക കുത്തനെ ഉയര്‍ന്നേക്കും.

നിലവില്‍ ഇന്ത്യയിലെ മൊബൈല്‍ വരിക്കാര്‍ക്ക് 4 ജി ഡാറ്റയിലേക്ക് ജിബിക്ക് 3.5 രൂപ വരെ കുറഞ്ഞ വിലക്കാണ് ലഭിക്കുന്നത്. എന്നാല്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെടുന്ന അടിസ്ഥാന നിരക്കിന് അനുവദിക്കുകയാണെങ്കില്‍ മൊബൈല്‍ ഡാറ്റ വില നിലവിലെ വിലയേക്കാള്‍ 5 മുതല്‍ 10 മടങ്ങ് ഉയരും.

മിനിമം ഡാറ്റ വില ജിബിക്ക് 35 രൂപയായി നിശ്ചയിക്കണമെന്ന് വോഡഫോണ്‍-ഐഡിയ നിര്‍ദ്ദേശിച്ചു. അതോടൊപ്പം ഭാരതി എയര്‍ടെല്‍ കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് ജിബിക്ക് മിനിമം 30 രൂപ നിരക്കാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡാറ്റയ്ക്ക് ഓരോ ജിബിക്കും 20 വില നല്‍കണമെന്ന് റിലയന്‍സ് ജിയോയും വ്യക്തമാക്കി. മൊബൈല്‍ ഡാറ്റ നിരക്കും കോള്‍ വിലയും നിശ്ചയിക്കാനുള്ള ടെല്‍കോസ് തീരുമാനത്തെ പിന്തുണച്ച് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് രംഗത്തെത്തി. നിലവിലെ കണക്കനുസരിച്ച്, മൊബൈല്‍ ഡാറ്റയ്ക്കും കോള്‍ നിരക്കുകള്‍ക്കും വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ടെല്‍കോസിനുണ്ട്.

കമ്പനികളുടെ ആവശ്യം അംഗീകരിച്ചാല്‍ 599 രൂപക്ക് ലഭിക്കുന്ന 84 ദിവസത്തെ 4 ജി പ്ലാന്‍ 3,360 മുതല്‍ 5,880 രൂപ വരെയാകും. കോള്‍, ഡാറ്റ സേവനങ്ങള്‍ക്കായി കുറഞ്ഞ വില നിശ്ചയിക്കുന്നതിനെക്കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Top