ബാന്‍ഡികൂട്ട് റോബോട്ട്; മലയാളി ടെക്കികള്‍ക്ക് ഇന്‍ഫോസിസ് ആരോഹണ്‍ പുരസ്‌കാരം

തിരുവനന്തപുരം: മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡികൂട്ട് റോബോട്ട് വികസിപ്പിച്ച മലയാളി ടെക്കികള്‍ക്ക് ആരോഹണ്‍ സോഷ്യല്‍ ഇന്നവേഷന്‍ പുരസ്‌കാരം. ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ആരോഹണ്‍ ഇന്നവേഷന്‍ പുരസ്‌കാരമാണ് മലയാളി ടെക്കികള്‍ സ്വന്തമാക്കിയത്.

മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡികൂട്ട് റോബോട്ട് വികസിപ്പിച്ച കെ റാഷിദ്, വിമല്‍ ഗോവിന്ദ്, എന്‍ പി നിഖില്‍ എന്നിവര്‍ക്കാണ് ഒന്നരക്കോടി സമ്മാനത്തുകയുള്ള പുരസ്‌കാരം കിട്ടിയത്. 2018 ഫെബ്രുവരിയില്‍ ഇവര്‍ വികസിപ്പിച്ച ബാന്‍ഡികൂട്ട് റോബോട്ട് മാന്‍ഹോള്‍ വൃത്തിയാക്കാനുള്ള ലോകത്തിലെ ആദ്യ റോബോട്ട് എന്നാണ് അറിയപ്പെടുന്നത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജെന്‍ റോബോട്ടിക്‌സ് ഉടമകളാണ് മൂവരും. സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് റോബോട്ടിക്‌സിലൂടെ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2015ലാണ് തിരുവനന്തപുരം ആസ്ഥാനമായി ജെന്‍ റോബോട്ടിക്‌സ് സ്ഥാപിതമായത്. ഇവര്‍ വികസിപ്പിച്ച ബാന്‍ഡികൂട്ട് റോബോട്ടിന്റെ സേവനം നിലവില്‍ സംസ്ഥാന ജല അതോറിറ്റി ഉപയോഗപ്പെടുത്തുന്നുണ്ട്.

Top