എയര്‍ടെലും ഗൂഗിള്‍ ക്ലൗഡും സഹകരിക്കുന്നു; ജിസ്യൂട്ട് സേവനത്തിനായി

ന്യൂഡല്‍ഹി: എയര്‍ടെലും ഗൂഗിള്‍ ക്ലൗഡും സഹകരിക്കുന്നു. ഇന്ത്യന്‍ വാണിജ്യ സ്ഥാപനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഇവ സഹകരിക്കുന്നത്. എയര്‍ടെല്‍ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കായി ജിമെയില്‍, ഡോക്‌സ്, ഡ്രൈവ്, കലണ്ടര്‍ തുടങ്ങിയ ഇന്റലിജന്റ് ആപ്പുകളുടെ ഒരു സെറ്റായ ജിസ്യൂട്ട് സേവനവും വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയില്‍ രണ്ടു കമ്പനികള്‍ക്കും വളരാനുള്ള അടിത്തറയാണ് സഹകരണത്തിലൂടെ ഒരുങ്ങുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള ഇന്ത്യയില്‍ കൂടുതല്‍ സ്മാര്‍ട്ടായും സുരക്ഷിതമായും ജോലി ചെയ്യാനും സഹായിക്കുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മാറുന്ന ഇന്ത്യന്‍ ബിസിനസ് ലക്ഷ്യമിട്ട് ഗൂഗിള്‍ ക്ലൗഡുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഉല്‍പ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. നിലവില്‍ 2500 വലിയ ബിസിനസുകള്‍ക്കും അഞ്ചു ലക്ഷം എസ്എംബികള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും എയര്‍ടെല്‍ സേവനം ലഭ്യമാക്കുന്നുണ്ട്.

ജി സ്യൂട്ടിന്റെയും എയര്‍ടെല്‍ ഡിജിറ്റല്‍ ബിസിനസിന്റെയും സംയോജനം ഇന്ത്യന്‍ ബിസിനസുകളുടെ ഡിജിറ്റല്‍ നവീകരണത്തിന് ഉത്തേജനം നല്‍കുമെന്ന് ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യനും വ്യക്തമാക്കി.

Top